Friday, June 18, 2010

സിറിയാന - ചില ഓര്‍മ്മപ്പെടുത്തലുകള്‍..


ചില ചലച്ചിത്ര സൃഷ്ടികള്‍ നമ്മെ പിന്‍ തുടരും.. അവയുടെ കാഴ്ച സമയം കഴിഞ്ഞാലും ...
സിറിയാന അത്തരത്തില്‍ ഒരു സിനിമ ആണ്.
സിറിയാന പരിഗനിക്കപെടുന്നത് ഒരു സാര്‍വദേശീയ ചലച്ചിത്രം ആയിട്ടാണ്;അത് ,ചില ഹ്രസ്വ ദൃശ്യങ്ങളിലൂടെ
വ്യക്തി-കുടുംബ ബന്ധങ്ങള്‍ പറയുന്നുവെങ്കിലും...
ആദ്യ ഷോട്ടില്‍ നിന്നും മുതല്‍ - തിളയ്ക്കുന്ന സൂര്യ ഗോളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പേര്‍ഷ്യന്‍ ചക്രവാള ദൃശ്യത്തില്‍ നിരന്നു നില്‍ക്കുന്ന ദക്ഷിണേഷ്യന്‍ തൊഴിലാളി മനുഷ്യര്‍ - നമ്മെ അനുവാചനതിന്റെ അല്പം
ഉയര്‍ത്തപ്പെട്ട തലത്തിലേക്ക് എത്തിക്കുന്നു സിറിയാന..


അവസാന ദൃശ്യം ആദ്യത്തെതുമായി തുലനം ചെയ്യുമ്പോള്‍,പ്രത്യക്ഷത്തില്‍ ഒരു സാമ്യതയും ആരോപിക്കാനാവാത്ത
ഒന്നാണ്...ഒരു അമേരിക്കന്‍ ആഫ്രിക്കന്‍ കുടുംബത്തില്‍ മദ്യപാനിയായ പിതാവിനെ മകന്‍ തന്റെ വീട്ടില്‍ കയറാന്‍ അനുവദിക്കുന്നു..ഇതാണ് അവസാന ദൃശ്യങ്ങളില്‍ ഒന്ന്...മറ്റൊരു അവസാന ഭാഗ ദൃശ്യം - രണ്ടു ദക്ഷിണേഷ്യന്‍ യുവാക്കള്‍ ഒരു കൊച്ചു ബോട്ടില്‍ സ്ഫോടക വസ്തുക്കളുമായി ഒരു അമേരിക്കന്‍ എണ്ണകപ്പലിലേക്ക് പാഞ്ഞടുക്കുന്നു
,മറ്റൊന്നില്‍,അമേരിക്കയില്‍ എവിടെയോ ഒരിടത്ത്‌ ഒരു കമ്പനി ലയനം ആഘോഷിക്കപെടുന്നു ,ഇനിയും വേറൊന്നില്‍, ഒരു വിദൂര നിയന്ത്രിത മിസൈല്‍,ഒരു അമേരിക്കന്‍ സീക്രെട്ട് എജെന്റും ഇറാനിയന്‍ യുവ മന്ത്രിയും ഉള്‍പെടുന്ന ആള്‍ക്കൂട്ടത്തെ കൊന്നൊടുക്കുന്നു....

ഒരു തരത്തില്‍ ക്ലീഷേട് ആയ ആദ്യ ദൃശ്യത്തില്‍ നിന്നും, പ്രത്യക്ഷത്തില്‍ പരസ്പര പൂരകങ്ങള്‍ അല്ലാത്ത അവസാന ഷോട്ടുകളിലേക്ക്‌ നമ്മെ നയിക്കുന്ന സങ്കീര്‍ണമായ കഥന ഗതിയാണ് സിറിയാനയുടെ വിജയം..അതിന്റെ മായാജാലവും...


മധ്യ പൂര്‍വ രാജ്യങ്ങളിലെ രാഷ്ട്രീയ (സ്ഥാപിത) താല്‍പര്യങ്ങളുടെയും,അവിഹിത ചരടുവലികളുടെയും
ആകസ്മികവും അതെ സമയം അനിവാര്യവും ആയ സങ്കീര്‍ണ സങ്കലനങ്ങള്‍ ആകുന്നു ഈ സിനിമ...

സിനിമയുടെ നിര്‍മാതാവില്‍ ഒരാള്‍ കൂടിയായ ജോര്‍ജ് ക്ലൂണി സി ഐ എ ഏജെന്റ്റ് ആയി വേഷമിടുന്നു..ക്ലൂണിയുടെ ബോബ് ബെര്‍ന്സ് എന്ന കഥാപാത്രം മധ്യ പൂര്‍വ ദേശത്തെ അനധികൃത ആയുധ കൈമാറ്റങ്ങള്‍ തടയുന്ന /തടയിടുന്ന
അമേരിക്കന്‍ പ്രതിനിധി ആണ് ...
മാറ്റ് ദേമൊന്‍ അവതരിപ്പിക്കുന്ന വൂട്മാന്‍ ,ജെനിവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു എനര്‍ജി അനലിസ്റ്റ് ആകുന്നു..

സിറിയാനയുടെ കഥന രീതി ചടുലവും ,പുറം കാഴ്ചകള്‍ക്ക് അല്പം സങ്കീര്‍ണവും ആണ്..ഒന്നിലധികം കഥന ധാരകളെ കൃത്യതയോടെ അടുക്കു നിവര്‍ത്തുന്ന രീതി ഒരു സിനിമ എഡിറ്റര്‍ നു കോപ്പി ബുക്ക്‌ ആവാം...(അനുകരണീയമാണ്,നിമിഷങ്ങള്‍ കൊണ്ട് ജെനിവയിലും ,ഇറാനിലും ,ലെബനിലും അമേരികയിലും പ്രേക്ഷരെ എത്തിക്കുന്ന കഥാഗതി വേഗം .. )


ഇറാനിലെ എണ്ണ സമ്പത്ത് -അതിന്റെ മുഖ്യ ഉടമസ്ഥ കുടുംബം - അവിടുത്തെ അമീറും അയാളുടെ രണ്ടു പിന്ഗാമി പുത്രന്മാരും അമേരിക്കയുടെയും അവിടുത്തെ എണ്ണ കമ്പനികളുടെയും ശ്രദ്ധ നേടിയെടുക്കുന്നു..
ഉന്നത വിദ്യാഭ്യാസവും കാര്യക്ഷമതയും ഉള്ള ഭരണ നേതാവായ അമീറിന്റെ മൂത്ത മകന്‍ നാസിര്‍ ,തന്റെ രാജ്യത്തെ എണ്ണ സമ്പത്ത് ഭാവിയിലേക്കുള്ള കരുതല്‍ ധനമാക്കി മാറ്റി ,ഖുമെനികളുടെ ഇരുട്ടറകളില്‍ നിന്നും രാഷ്ട്രത്തെ മോചിപിച്ചു ആധുനിക ലോകത്തോടൊപ്പം നടത്താന്‍ ആഗ്രഹിക്കുന്നു..പക്ഷെ അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് (അമേരിക്കന്‍ എണ്ണ കമ്പനികളുടെ ) വഴങ്ങാതെ നീങ്ങുന്ന നാസിര്‍ അവരുടെ ശത്രുവാകുന്നു..നാസിറിനെ വധിക്കാന്‍ നിയോഗിക്കപെടുന്നത് (ക്ലൂണിയുടെ ) ബെര്‍ന്സ് ആണ്..വധോധ്യമങ്ങള്‍ക്കിടയില്‍ ,ലെബനനില്‍ ഹിസ്ബുള്ളയുടെ കയ്യില്‍ അകപ്പെടുന്ന ബെര്‍ന്സ് പക്ഷെ സി ഐ എ യുടെ ബാധ്യതയാകുന്നു..താമസിയാതെ തന്റെ അസ്ഥിത്വം നഷ്ടപെടുന്ന ബെര്‍ന്സ് അയാളുടെ രാജ്യത്തിന്‍റെ തന്നെ ശത്രു ആയി മാറുകയാണ് സിനിമയുടെ അന്ത്യത്തില്‍...
ഈ നീക്കങ്ങള്‍കിടയില്‍ (പിന്നില്‍ ) നടക്കുന്ന സാമ്പത്തിക രാഷ്ട്രീയ ഇടപാടുകളുടെ നേരറിവാണ് സിറിയാനയെ ഒരു ധീരമായ പ്രസ്താവന ആക്കി മാറ്റുന്നത്...

അവിഹിത
മാര്‍ഗങ്ങളിലൂടെ മറ്റൊരു ദേശത്തെ എണ്ണ സമ്പത്ത് ഊറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു എണ്ണ കമ്പനികളുടെ അതീവ ഘര്‍ഷണ പൂര്‍ണമായ ലയനം ,അതിനുള്ളിലെ സമ്പന്ന ദേശീയതയുടെ അഴിമതിക്കളികള്‍
ഇതെല്ലാം ബെന്നറ്റ്‌ എന്ന ലീഗല്‍ ഓഫീസറുടെ (ജെഫ്രി റൈറ്റ് ) യാത്രകളിലൂടെ,അയാളുടെ കണ്ടുമുട്ടലുകളിലൂടെ
അനാവരണം ചെയ്യപ്പെടുന്നു...

സിനിമയുടെ അന്ത്യത്തില്‍ നാസിറിനെതിരായ വധ ശ്രമം അയാളെ അറിയിക്കാന്‍ യാത്രയാകുന്ന ബെര്‍ന്സ് അവരെ കണ്ടുമുട്ടുന്നത് ഇറാന്റെ രാഷ്ട്രീയ ഭാവി തന്നെ മാറ്റിയെടുക്കുമായിരുന്ന ഒരു യാത്രയുടെ മദ്ധ്യേ ആണ്..
ഇരയും മുന്‍ വേട്ടക്കാരനും കണ്ടു മുട്ടുന്ന നിമിഷങ്ങളില്‍..വിദൂര നിയന്ത്രിത മിസൈല്‍ അവരെ വക വരുത്തുന്നു...
വിചിത്രമായ അനിവാര്യതകളില്‍ ,വ്യക്തികളുടെ സംഗമം ഒരു സംഭാഷണത്തിലേക്ക് പോലും നയിക്കാന്‍ കഥാ കര്‍ത്താവു അനുവദിക്കുന്നില്ല...അനുവാചകരെ സ്ഥബ്തരാക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒന്നാണിത്...

സിറിയാനയുടെ മുഖ്യ കഥ ഗതികള്‍ക്കൊപ്പം നില്‍ക്കുന്ന മറ്റൊരു പ്രമുഖ കഥാപാത്രമാണ് മാറ്റ്‌ ടെമോന്റെത് - ഒരു സാധാരണ എനര്‍ജി അനലിസ്റ്റ് ആയ വുട്മന്‍ പുത്ര വിയോഗം പോലും ചവിട് പടിയാക്കി , നാസിറിന്റെ ഉപദേഷ്ടാവോളം വളരുന്നു...ഇറാനില്‍ നിന്നും യുറോപ്പിലേക്ക് വാതക പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന്റെ സാദ്ധ്യതകള്‍ നാസിറിനെ ബോധ്യപെടുത്തി,ഒരു മേഖലയുടെ തന്നെ ഊര്‍ജ കച്ചവട കരാറുകള്‍ ഉന്നം വയ്ക്കുന്ന വൂട്മന്‍ പക്ഷെ തലനാരിഴ വ്യത്യാസത്തില്‍ നാസിറിന്റെയും ബെര്‍ന്സിന്റെയും വിധി നിശ്ചയിച്ച മിസ്സൈല്‍ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു സ്വന്തം രാജ്യത്തേക്ക് മടങ്ങുകയാണ് ...

ഇത് വരെ പറഞ്ഞ കഥാ പാത്ര സ്വഭാവങ്ങളില്‍ നിന്നും തികച്ചും ഭിന്നമാണ്‌ പാകിസ്ഥാന്‍ കൌമാരക്കാരനായ
സലിം .ഉന്നത ശ്രേണികളില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളില്‍ ജോലിയും ജീവിതവും വഴി മുട്ടുന്ന ഒരു സാധാരണ
എണ്ണക്കിണര്‍ തൊഴിലാളി..അനിവാര്യമായ പരിണാമങ്ങളില്‍,അറബി നാട്ടിലെ ജോലി അന്വേഷണങ്ങളില്‍ കണ്ടു മുട്ടുന്ന അപകടകരമായ വ്യക്തിത്വങ്ങള്‍ അവന്റെ നിയോഗം മറ്റൊന്നാക്കുന്നു...
അവസാന ദൃശ്യങ്ങളില്‍ ഒന്നില്‍, മിസൈല്‍ വാഹിയായ ബോട്ടുമായി അമേരിക്കന്‍ എണ്ണ കപ്പല്‍ ആക്രമിക്കുന്ന സലിം സിറിയാന നല്‍കുന്ന തീവ്ര സന്ദേശങ്ങളില്‍ (താക്കീത് ) ഒന്നാണ്...

സിറിയാനയുടെ കാഴ്ച പ്രക്രിയ തീര്‍ച്ചയായും ഒരു Roller coster ride അല്ല ..
തിയറ്ററിന്റെ ഇരുട്ടില്‍ കൂട്ടുകാരിക്കൊപ്പം ആനന്ദിക്കാവുന്ന ഒരു ലഘു നാടകവും അല്ല...
അതേ സമയം,വിരസമായ ഇഴച്ചില്‍ ദൃശ്യങ്ങളുടെ വരണ്ട സങ്കലനവും ആകുന്നില്ല ഈ സിനിമ...

ഒന്നിലധികം കഥാ ഗതികള്‍ ,ഒരുപാട് കഥാപാത്രങ്ങള്‍;സന്ദര്‍ഭങ്ങള്‍, അവയെ അതീവ ആത്മാര്‍ഥതയോടെ
അവതരിപ്പിക്കുന്നു സിറിയാന...ഈ ക്രാഫ്റ്റ് ആണ് അതിന്റെ വിജയവും സംവിധായകന്‍ സ്റ്റീഫന്‍ ഗഘന്റെ
ജീനിയസും ...

Sunday, February 22, 2009

ഭരതന്റെ "താഴ്വാരം "


പറഞ്ഞു ,കണ്ടു തീര്‍ത്ത ഒരു കഥനം വീണ്ടും കാണുമ്പോള്‍ നാം അതിനെ മറ്റൊരു വിചിന്തന കോണില്‍ കൂടി വീക്ഷിച്ചു പോകാറുണ്ട്.. അത് ഈ ചലച്ചിത്രത്തെ സംബന്ധിച്ച് വളരെ സത്യമാകുന്നു... ആദ്യ തവണ കാണുമ്പോള്‍ ഒരു പ്രത്യേകതയും തരാതെ വളരെ സാധാരണമായി നമ്മെ കടന്നു പോകുന്ന ഒരു സിനിമ..പക്ഷെ ഒരു മറു കാഴ്ചക്ക് നാം മുതിര്‍ന്നാല്‍ നമ്മെ അറിയിക്കുന്ന "ചിലതുകള്‍ " ഈ സിനിമയില്‍ ഉടനീളം ഭരതന്‍ നിറച്ചിരിക്കുന്നു..

താഴ്വാരം സംഭവിക്കുന്നത് ഒരു ആള്‍ക്കൂട്ടത്തിനു നടുവില്‍ അല്ല... പേരു പോലെ ഒരു കുന്നിന്‍ ചെരുവില്‍ ,ഒരു ചെറു മനുഷ്യ കൂട്ടത്തില്‍ ആണ് ..

നായക സ്വഭാവം തീരെ ആരോപിക്കാനാവാത്ത കഥാപാത്രമാണ് മോഹന്‍ലാലിന്‍റെ ബാലന്‍ ...എം ടി എന്ന കഥാകൃത്ത്‌ ബാലനെ നിര്‍വചിക്കാന്‍ പ്രേക്ഷകരെ അനുവദിക്കുന്നുമില്ല.. സിനിമയുടെ ആദ്യ ഷോട്ടില്‍ തന്നെ അതിന്റെ ഒരു പൊതു സ്വഭാവം വ്യക്തമാക്കുന്നുണ്ട് ഭരതന്‍...പൂഴി മണല്‍ പറക്കുന്ന ഒരു താഴ്വാര ദൃശ്യം..അതില്‍ തുടങ്ങി നിര്‍വികാരതയും പകയും മടുപ്പും നിറയുന്ന ബാലന്റെ മുഖത്തിലേക്ക് നീളുന്ന ഒരു പ്രസ്താവനയിലൂടെ ! ഒരു കരിമ്പടവുമായി കുന്നിറങ്ങുന്ന ബാലന്‍ ചെന്നെത്തുന്നത് ഒരു താഴ്വരത്താണ് ..ഇര കാത്തിരിക്കുന്ന രണ്ടു കഴുകന്മാര്‍ ഈ സിനിമയില്‍ ഉടനീളം കാണാം..നായകനെയും പ്രതിനായകനെയും പോലെ..

 ബാലന്റെ സുഹൃത്തായ രാജുവിനെ അന്വേഷിച്ചാണ് അയാള്‍ കൊചൂട്ടിയുടെയും അച്ഛന്റെയും അടുത്തെത്തുന്നത്..രാജുവിനെ അവതരിപ്പിക്കുന്നത് സലിം ഘൌസ് എന്ന നാടകനടന്‍ ആണ്..കൊചൂട്ടിയായി സുമലതയും ,അച്ഛനായി ശങ്കരാടിയും... ഇവരെ കഴിഞ്ഞു പിന്നെ സിനിമയില്‍ നമ്മെ കാണുന്നത് ബാലന്റെ പൂര്‍വ ജീവിതത്തിലെ ഭാര്യയും (അഞ്ചു) അച്ഛനും ആണ്...ഇത്രയും കഥാപാത്രങ്ങളെ വന്നു പോകുന്നുള്ളൂ ഈ സിനിമയില്‍... ഇരുളും പൊടിയും നിശബ്ദതയും നിറഞ്ഞ ആ താഴ്വരത്തെക്കുള്ള ബാലന്റെ വരവ് ഒരു പകയുടെ നിയോഗമാണ്..പക്ഷെ അത് നേടിയെടുക്കാന്‍ ഒരു സിനിമനായകന്‍ പ്രകടിപ്പിക്കെണ്ടതെന്നു നാം വിചാരിക്കുന്ന ധീരത ബാലനില്ല ....അല്ലെങ്കില്‍ അയാള്‍ അതിന് ഒരുങ്ങുന്നില്ല പലപ്പോഴും... പകയില്‍ പൊതിഞ്ഞെടുത്ത ഒരു കഥ , ഓരോ ഷോട്ടിലും മരണത്തിന്റെ നിറവും ഭയവും നിറയ്ക്കുന്ന ഭരതന്റെ മനസ്..ഇതാണ് താഴ്വാരം എന്ന സിനിമ..

തീര്‍ച്ചയായും ഇതു പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന സിനിമ അല്ല.. പക്ഷെ കണ്ടു തീര്‍ക്കുന്ന മനസുകളെ അല്‍പ നാളുകള്‍ എങ്കിലും പിന്തുടരാതെ ഇരിക്കില്ല ഭരതന്റെ താഴ്വാരം.. സുമലത അതിശയകരമായി കൊചൂട്ടിയായി മാറുന്നുണ്ട് ഇതില്‍...നിറങ്ങളുടെയും ശബ്ദഘോഷങ്ങളുടെയും കൂട്ടത്തില്‍ നിന്നടര്‍ന്നു കരി കച്ചവടക്കാരുടെയും ,അപരിചിതരുടെയും ,കാടു പന്നികളുടെയും ഇരുളരുടെയും ലോകത്ത് തിരിച്ചു നിറയെ മനുഷ്യരുള്ള ഒരു ലോകത്തേക്ക് പറിച്ചു നടാന്‍ കൊതിക്കുന്ന ഒരു സ്ത്രീ വേഷം..മണ്ണിന്റെയും മനുഷ്യമനസിന്റെയും സ്ത്രീ ശരീരത്തിന്റെയും ആഗ്രഹ നിരാസങ്ങള്‍ അനായാസതയോടെ ഭരതന്‍ വരച്ചിടുന്നു... പ്രതി നായകനെ അവതരിപ്പിക്കുന്ന സലിം എന്ന നടന്‍ സംവിധായകനും കഥാകൃത്തും ഉദ്ദേശിച്ച ആവൃത്തിയില്‍ ഉയര്‍ന്നു മോഹന്‍ ലാല്‍ എന്ന നടന് സമം നില്ക്കുന്നു ... ഒരു താഴ്വാരം അവിടെ കുറച്ചു മനുഷ്യര്‍.. അവര്‍ക്കിടയിലെക്കെത്തുന്ന രണ്ടു അപരിചിതര്‍.. സിനിമ ആരംഭിക്കുന്ന ഷോട്ടില്‍ നാം കാണുന്ന ഭയത്തിന്റെ ചീളുകള്‍ അവസാന ഷോട്ടില്‍ വരെ അതി തീവ്രമായി സന്നിവേശിപ്പിച്ചിരിക്കുന്നു ഭരതന്‍... ഒരു തീവ്ര അനുഭവം,,,വര്‍ണങ്ങളും പ്രണയവും പരിഹാസവും ഇല്ലാതെ.. അതാണ് ഭരതന്റെ താഴ്വാരം..

ഇരുളും വെളിച്ചവും

ഇരുളിന്റെ നിഴലുകള്‍ തേടി നടന്നവര്‍ താഴ്വാരങ്ങളില്‍ മറഞ്ഞു..
പകലിനെ സ്നേഹിച്ചവര്‍ക്കു സുര്യതാപം ശര ശയ്യയൊരുക്കി...
ഇരുളിനും പകലിനും ഇടയ്ക്ക് സ്തബ്ധരായവര്‍ ദൈവങ്ങളെ വിശ്വസിച്ചു.
--

Sunday, November 2, 2008

മരണം മുതല്‍..
--------------------
ഞാന്‍ മരണപ്പെട്ടവന്‍...
അവസാനം ഞാന്‍ ഓര്‍ക്കുന്നത് ..
തീയും വെളിച്ചവും ,,,
ചിതറിത്തെറിക്കുന്ന ലോഹ പാളികളും..
എടുത്ത്തെറിയപ്പെടുന്നതിന്‍െ ലാഖവത്വവും..
ഭൂഗുരുത്വത്ത്തെ നിഷേധിക്കുന്ന ലാഘവ പ്രവേഗം..
ഒന്നായി അടുക്കി മിനുക്കിയ ശരീര സ്ഥിതികള്‍ വേര്‍പെടുന്ന വേദന..
വേദന എന്ന വികാരത്തിന്റെ ചേതന അകലുന്ന ശൂന്യത !!!
പിന്നെ ..ഇരുളിന്റെ നീര്‍ വീഴ്ചകള്‍ ...
നിര്വികാരവസ്ഥ ,നിരാകാരാവേശം..മരണത്ത്തണുപ്പ്..
അതെ..ഞാന്‍ മരിച്ചവന്‍..
ശരീരംകന്നവന്‍..ഞാന്‍ ഞാന്‍ മാത്രമായവാന്‍..പേരിന്റെ പേരെച്ചം നഷ്ടപെടുന്നവന്‍..
ഇപ്പോള്‍.
എന്തില്‍ നിന്നോ അകന്നകലുന്നു..
അടുക്കുന്നതെന്തിലെക്കെന്നറിയാതെ..
ലക്ഷ്യമാകന്ന ശസ്ത്രമായി,ഗുരുത്വമകന്ന വീഴ്ചയായി..
ഓര്‍മയില്‍..
ഇന്ദ്രിയ ബന്ധിത ഭൂത കാലാകാശങ്ങളില്‍....
ശബ്ദ ഘോഷങ്ങള്‍..അടക്കിച്ചിരികള്‍...
ആസ്വാദന രാവുകള്‍,ലഹരിതന്‍ ഭക്തി വേഷങ്ങള്‍,
കാവി പുതക്കും ഉന്മാദ വേഗങ്ങള്‍,
ഉന്നത ഗിരിശ്രിംഗം തേടിയ വിയര്‍പ്പു തുള്ളികള്‍..
ഇന്ന്ശരീരമില്ലാത്ത യാത്ര ...
യാത്രയകന്ന പ്രയാണം,യജ്നകര്‍മ രഥമേറി ഈ പ്രയാണം..
അറിയുന്നു ഞാന്‍ ..
അടുക്കുന്ന ഒരു പ്രകാശ വേഗത്ത്തിനെ...
ഇരുളിന്റെ ചീളുകളില്‍ ശ്വേതാശ്വമായി ഒരു വെളിച്ചം..
ഞാന്‍ വെളിച്ചത്തിലേയ്ക്കു സഞ്ചരിച്ചില്ല,,വെളിച്ചം എന്നിലേക്കും..
ഞാന്‍ അറിയുന്നു ...
ഞാന്‍ നയിക്കപെടുന്നുവെന്നു..
എവിടെയോ എത്തിച്ചേര്‍ന്ന പോലെ..
യാത്ര ഇവിടെ തീരുന്ന സംവേദനം..

വെളിച്ചം സംസാരിക്കുന്നു..

"നീ ആരാകുന്നു?"

"ഞാന്‍..ഞാന്‍..പേരു മറന്നിരിക്കുന്നു...പെരെന്തെന്നും പേരു എന്നതെന്തെന്നും "

"നീ യാത്ര തുടങ്ങിയതെങ്ങനെ?"

"ദല്‍ഹി,ആള്‍ക്കൂട്ടം ,സ്ഫോടനം,അഗ്നീലോഹ സമ്മേളനം,ശരീര വിഘടനം.."

വെളിച്ചം പുഞ്ചിരിക്കുന്നുവോ?

"അപ്പോള്‍ നീയും ഭാരതീയന്‍ ??"

"അതെ ഞാന്‍ ഭാരതീയന്‍"

"ആര് ആര് നിന്റെ ശരീരമെടുത്തു?"

"അറിയില്ല..!"

"നീ നിന്റെ ഘാതകര്‍ക്കെന്തു ദ്രോഹം നടത്തി?"

"അറിയില്ല..!!"

"ഏത് ആവശ്യത്തിനായി നിന്റെ ശരീരം അവസാനിച്ചു?"

"അറിയില്ല..!!!"

"ഏത് വിശ്വാസം നിന്റെ യാത്രക്ക് ഉത്തരവാദി?"

"അറിയില്ല ..!!!"
വെളിച്ചം ഒന്നുലഞ്ഞു...ഉച്ചത്തില്‍ വീണ്ടും...

"നിന്റെ കാരണങ്ങള്‍ ഇവിടെ എത്തുവാന്‍?"

" എനിക്ക് അറിയില്ല..."
വെളിച്ചം ശാന്തതയുടെ ഉച്ചത്തില്‍ അലറി..

"നിനക്കു ഇവിടെ നീയായിരിക്കാന്‍ കാരണങ്ങളില്ല ..,

കാരണങ്ങളുടെ നാഡീ ബന്ധനമറ്റ നീ ഇവിടെ അയോഗ്യനാകുന്നു,

നിന്റെ യാത്രയുടെ കാരണങ്ങള്‍ അറിയാതെ നിനക്കു ഇവിടെനില നില്പില്ല...

നീ ഇവിടെ സംഭവിക്കാനാവില്ല..!!!"

"അപ്പോള്‍ ഇനി ഞാന്‍ ??"

"നിനക്കു പോകാം ..!!!"

"ഞാന്‍ ഇനി എങ്ങോട്ട്..??"

"കാരണ രഹിതരുടെ ലോകത്തിലേക്ക് ...,

അവരാകുന്നു ഗതിയറ്റ ജീവന്മാര്‍..!!"

"അവിടെ ഞാന്‍???"

"അനന്ത വൃത്തത്തില്‍ നീ ചരിക്കും...,അനാദികാലം...,

വൃത്ത കേന്ദ്രത്തില്‍ നിന്നകന്നകന്നു...,

നിരര്ധകതയുടെ ചാക്രികതയില്‍...,

ആത്മ തത്വത്തില്‍ നിന്നടര്‍ന്നു..!!!,നീ വീണ്ടും മരിച്ചു കൊണ്ടേയിരിക്കും..""

വെളിച്ചം ഇരുളിന്റെ കൈക്കുള്ളില്‍ മറഞ്ഞു..ശബ്ദം അകന്നു...
പെട്ടെന്ന് ഞാന്‍ വലിച്ചെടുക്കപ്പെടുന്നു...

ഒരു വൃത്ത ചലനം അതി ദ്രുതം വിടര്‍ന്നു..

ശാന്തിയുടെ ,ആത്മ ജ്ഞാനത്തിന്റെ പത്മ കേന്ദ്രം...അതൊരു ബിന്ദുവായി അകലുന്നു...
ചുറ്റും അനേകം അനേകം ജീവന്മാര്‍,

കാരണമറിയാതെ ശരീരം അവസാനിപ്പിക്കപ്പെട്ടവര്‍...

പരലോകത്തിലും ശാന്തി കിട്ടാതുഴലുന്ന ജീവന്മാര്‍..

താമരയിതളിന്റെ അര്‍ത്ഥ കേന്ദ്രത്തില്‍ നിന്നകന്നകന്നു...

അശാന്തതയുടെ വൃത്തങ്ങളില്‍...അവര്‍ സ്വയം നഷ്ടപെടാനാരംഭിച്ചു...

അവര്‍...അവര്‍ ഭാരതീയര്‍.....!!!!



Wednesday, October 8, 2008

നഷ്ടപെടുന്നവര്‍ ..

നഷ്ടപെടല്‍ ആപേക്ഷികം ആയിരിക്കാം...
നഷ്ടപെടുന്നതെല്ലാം മറ്റൊരിടത്ത് സാന്നിധ്യമായി നിറയുന്നു...
നഷ്ടപെടുന്നവ വിട്ടു പോകുന്ന ശൂന്യത മറ്റൊരു സാന്നിധ്യമാകുന്നു..
മഞ്ഞുപാളികളിലെ പാദ പതനം പകരുന്ന ഊഷ്മള സുഖം ക്ഷണികമാകാം...
അകന്നു പോകുന്ന പാദങ്ങള്‍ ,വിട്ടു പോകുന്ന കാലടികള്‍..
നഷ്ട്ടപെടലുകളും ,ശൂന്യതയുടെ സാന്നിധ്യവും...
കാതടക്കുന്ന ആരവങ്ങളും ,വന്യമായ ഒറ്റപെടലുകളും...
നിശബ്ദത ...
സ്വര തരംഗംങളുടെ ആവൃത്തി യുടെ ലംഘനമാകം....
നഷ്ടപെടല്‍...
ബന്ധംങളുടെ ബന്ധനങ്ങളുടെ അതിരുകള്‍ക്കപ്പുറത്തെ
തണല്‍ മരം ആകാം..
തണലിന്റെ സാന്ദ്രത മറ്റൊരു ആഗമനത്തിന്റെ
അനിവാര്യതയാകാം...
നഷ്ടപെടുന്നവയെല്ലാം എന്തെങ്കിലും തിരികെ തരുന്നുവേന്കില്‍..
നഷ്ടപെടുന്ന പ്രക്രിയക്ക് എന്താണ് അര്‍ഥം?
നഷ്ടപെടുന്നവര്‍ക്ക് എന്താണ് നിലനില്പ്?

Saturday, September 13, 2008


ഷണ്ഡന്മാരുടെ ഇന്ത്യ

=====================


ഇന്ത്യ യില്‍ വീണ്ടും സ്ഫോടന പരമ്പരകള്‍...ഇത്തവണ തലസ്ഥാന നഗരിയില്‍ തന്നെ...

വാര്‍ത്തകള്‍ ,ലൈവ് റിപ്പോര്‍ട്ടുകള്‍ ,വിലയിരുത്തലുകള്‍ ,മനമോഹനമായ ശാന്തതക്കുള്ള

ആഹ്വാനങ്ങള്‍ ,ശിവ രാജ മായ ക്ലീഷേ കള്‍ ...ഞങ്ങള്‍ ഭീകരരെ പിടിക്കും അത്രേ...

ദിവസത്തിന്റെ അവസാനം ശവങ്ങളുടെ കണക്കെടുപ്പില്‍ ,ഭാരതം അതിന്റെ മനോഹര മനമോഹനമായ മതേതരത്വം കാത്തു സൂക്ഷിക്കുന്നു...ഹിന്ദുക്കള്‍,മുസ്ലിംകള്‍,സിഖ്,ക്രിസ്ത്യന്‍

എല്ലാത്തരം യോനീ നിര്മാനങ്ങളും തകര്ന്നു തെറിക്കുന്ന സ്ഫോടന രംഗങ്ങളില്‍ മരണത്തിന്റെ

തണുത്ത പുതപ്പു ഒരുമിച്ചു പുതക്കുന്നു...




എന്ത് സംഭവിക്കുന്നു ഈ സ്ഫോടനങ്ങളുടെ അന്വേഷണങ്ങള്‍ക്ക്?

ആരാണ് നമ്മെ ആക്രമിക്കുന്നത്?

എവിടെ ആണ് എന്റെ മാതൃഭുമിയില്‍ എന്റെ ജീവന് വില?

നിയമങ്ങള്‍ ആര്‍ക്കു വേണ്ടിയാണു? സാധാരണ ജീവന് വേണ്ടിയോ?

അതോ മതത്തിന്റെ പേരില്‍ ആളെക്കൊല്ലുന്ന രക്ഷസന്മാര്‍ക്കോ?

എന്തിനാണ് ഈ ആക്രമണങ്ങള്‍?


ഹേ പ്രധാനമന്ത്രി ,ഞങ്ങന്ള്‍ക്ക് ആണവ കരാര്‍ വേണ്ട,ദയവായി ഞങ്ങളെ ജീവിക്കാന്‍

അനുവദിക്കുക ....അതിനുള്ള അവകാശം ഞങ്ങള്ക്ക് നേടി തരുക....

ഞങ്ങള്‍ ഭയക്കുന്നത് ഭീകരരെ അല്ല...നിങ്ങളുടെ തണുത്തുറഞ്ഞ ഷണ്ഡന്മാരുടെ ഭരണകൂടത്തെ ആകുന്നു...


നിങ്ങള്ക്ക് അത് കഴിയുന്നില്ലെന്കില്‍ ദയവായി സിംഹാസനങ്ങള്‍ വിട്ടൊഴിയുക...

ഒരു ജനതതിയുടെ നിശബ്ദത ,ശാന്തത,നിസംഗത ഒരു കൊടുംകാറ്റിന്റെ കണ്ണ് മാത്രമാകാം...

അത് വംശങ്ങള്‍ തമ്മിലുള്ള പോരാട്ടമായി ഭാരതത്തെ വിഴുങ്ങുന്നതിനു മുന്പ് ,

തിരിച്ചടിക്കുക... അല്ലെങ്കില്‍ നാശമടയുക..




Thursday, August 14, 2008

ആരുടെ കാശ്മീര്‍?


കുരുക്ഷേത്ര യുദ്ധ ഭൂമിയില്‍ പോരാടിയവരില്‍ ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ആ രാജ്യത്തിന്റെ അവകാശം? വ്യാസനു ദാസിയിലും രാന്ഞിമാരിലും ജനിച്ച പാന്ധവര്‍ക്കോ? അതോ അണ്ഡം നൂറായി പകുത്ത അത്ഭുതത്തില്‍ ഉറവെടുത്ത കൌരവര്‍ക്കോ?ഇവരുടെ പിതുത്ര വഴിയില്‍ എവിടെയാണ് രാജ്യാവകാശം?പിന്നെയും പുറകോട്ടു പോയാല്‍ നാം എത്തുന്നത് ശാന്തനുവില്‍ ആണ്.അയാളുടെ മകന്‍ ഭീഷ്മരിലും...ഭീഷ്മര്‍ ബ്രഹ്മചാരിയാണ്...പക്ഷെ അയാള്‍ക്ക് അവകാശപ്പെട്ടതാണ് രാഷ്ട്രം ...എന്തായിരുന്നു ഭീഷ്മരുടെ മനസ്സു ഈ യുദ്ധത്തില്‍? മഹാജ്ഞാനിയായ ശ്രീകൃഷ്ണന്‍ വരെ ബോധപൂര്‍വം മറന്നെടുത്ത സത്യം...അവകാശമില്ലത്തവര്‍ ,പിതൃത്വം വ്യക്തമാകാത്തവര്‍ ...ഭൂമിക്കായി നടത്തിയ യുദ്ധത്തിനൊടുവില്‍ ...എല്ലാതിനും അവകാശിയായ ഭീഷ്മര്‍ക്ക് ഭഗവാന്‍ നല്കിയത് ..കോടി കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും പുല്ലു പോലും മുളക്കാത്ത കന്യവനം.....സ്രിഷ്ടി ,സ്ഥിതി,സംഹാരം എല്ലാമെല്ലാം ഒത്തു ചേര്ന്നു നിര്ജീവതയില്‍ പൂര്‍ണതയുടെ വേനല്‍ കത്തുന്ന പാഴ്ഭൂമി ....























ഇങ്ങു നൂറ്റാണ്ടുകള്‍ക്കു ഇപ്പുറത്ത് കുരുക്ഷേത്രം വീണ്ടും ആവര്‍ത്തിക്കുന്നു...ഭൂമിയുടെ മേല്‍ അവകാശമില്ലത്തവര്‍ ആ ഭൂമിക്കായി പോരടിക്കുന്നു...ഇന്ത്യ യും പാകിസ്ഥാനും ...ആര്‍ക്കാണ് കശ്മീരിന്റെ അവകാശം? ആരുടെതാണ് ഈ ഹിമാലയന്‍ താഴ്വര?..ചോദ്യങ്ങള്‍ പലപ്പോഴും ലക്ഷ്യമാകന്ന ശരമായി ബധിര കര്‍ണ്ണങ്ങളില്‍ നിപതിക്കുന്നു ...അപ്പോഴും താഴ്‌വരയില്‍ മഞ്ഞുരുക്മ്പോള്‍ മനുഷ്യരക്തവും ഇടകലര്‍നോഴുകുന്നു...







ഇടതു മുകളില്‍ പാകിസ്ഥാനും വലതുമുകളില്‍ ചുവപ്പ് ചൈന യും അതിന് താഴെ പ്രത്യേക പദവി യുമായി ഇന്ത്യയും കാശ്മീര്‍ എന ന ഈ ഉയരങ്ങളെ പങ്കു വെയ്ക്കുന്നു..അവരവരുടെ കാലുറപ്പിച്ചു നിര്‍ത്താന്‍ കോടികള്‍ ചിലവഴിക്കുന്നു...



ഇവരുടെ പൂര്‍വികരുടെ കാലം.. ,ഹരിതവും ചുവപ്പും കാവിയും മനുഷ്യനെ വെറുക്കാന്‍ പഠിപ്പിക്കുന്നതിന് മുന്പ് ...ആര്‍ഷഭാരതത്തിന്റെ ആ ശാന്തിതീര്റത്തു ഹിമാവാന് താഴെ കശ്യപ മഹര്‍ഷി ഒരു ജന സമൂഹം വാര്‍ത്തെടുത്തു...അവര്‍ ആദി കാശ്മീര്‍ ജനതതി ആയി .....



ഇതു കശ്യപ് മാര്‍ /കശ്യപ് പുര എന്നിങ്ങനെ വഴി മാറി കാശ്മീര്‍ ആയി.."ക " എന്നാല്‍ ജലം എന്നും ശേമീര " എന്നതിന് ബാഷ്പീകരണം എന്നും അര്ത്ഥം...അങ്ങനെ ഹിമാവാന് താഴെ തടാകങ്ങളുടെ തീരത്തെ ജനത ഒരു പക്ഷെ ലോകത്തിലെ ഏറ്റവും കൂടുതല്‍ തവണ അധിനിവേശത്തിനും സംസ്കാര വ്യതിയനങ്ങള്‍ക്കും വിധേയമയവര്‍ ആകണം..



മഹാഭാരത സമയത്തു കംബോജരും,പിന്നീട് മൌര്യ രാജാക്കന്മാരും കാശ്മീര്‍ ഭരിച്ചു. എട്ടാം നൂറ്റാണ്ടില്‍ മദ്ധ്യേഷ്യ വരെ തന്റെ സാമ്രാജ്യം നീട്ടിയ "ലളിതടിത്യ മുക്തപിത " എന്ന ഹിന്ദു യോദ്ധാവ് കാശ്മീരിനെ സമ്പത്തിന്റെയും അറിവിന്റെയും താഴ്വര ആക്കി മാറ്റി..പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ തുര്‍ക്കിയുടെ ഇസ്ലാം സൈന്യം കാശ്മീരിനെ അധീശമാക്കുന്നു...അവിടെ സംസ്കാരത്തിനെ അതിശയകരമായ ഇടകലരുകള്‍ തുടക്കമിടുന്നു...പക്ഷെ വിരോധാഭാസം എന പോലെ ആ ശക്തിയെ തകര്‍ക്കുന്നത് മറ്റൊരു മുഗള്‍ ചക്രവര്‍ത്തി -അക്ബര്‍-....



അക്ബര്‍ തന്റെ ഹിമാലയന്‍ പ്രവിശ്യയെ ഏല്‍പ്പിച്ചത് രാമചന്ദ്ര എന ഹിന്ദു രാജാവിനെ...!!!



രാമചന്ദ്രയുടെ കാലത്താണ് ജമ്മു നഗരം (ജന്മ മത നഗര ) ഭരണ കേന്ദ്രമാകുന്നത്..അടുത്ത അധിനിവേശം ലാഹോര്‍ കേന്ദ്രമാക്കിയ സിഖ് ശക്തികളുടെതായിരുന്നു.. രഞ്ജിത്ത് സിംഗ് എന യോദ്ധാവിന്റെ ...!!



അവിടെയും തീരാതെ കശ്മീരിന്റെ അധിനിവേശ ചരിത്രം പിന്നെയും തുടര്‍ന്ന് ഇംഗ്ലീഷ് പടയോട്ടങ്ങളില്‍ പുതിയ സംസ്കാരങ്ങളെ കണ്ടു നിന്നു... ഇംഗ്ലീഷ് കാര്‍ക്ക് പഞ്ചാബ് വിട്ടു കൊടുത്തു ഒത്തു തീര്‍പ്പുണ്ടാക്കി സിഖ് രാജ്യം ജമ്മുവില്‍ ഭരണം തുടര്‍ന്നു .അങ്ങനെ 1925 ഹരി സിംഗ് രാജാവായി ചുമതലയേറ്റു...പിന്നീട് നടന്നതെല്ലാം സമീപ ചരിത്രം...ഇന്ത്യയുടെ സ്വാതന്ത്ര്യം..രാജഗോപാലാചാരി യുടെ നയതന്ത്ര നീക്കങ്ങള്‍...പാകിസ്ഥാന്റെ ആദ്യ കാശ്മീര്‍ അധിനിവേശം...അതിനെ ചെറുക്കാന്‍ ഇന്ത്യന്‍ ആര്‍മി യുടെ രംഗ പ്രവേശം ...



നിയതിയുമായുള്ള സന്ധി പ്രകാരം ഇന്ത്യയ്ക്ക് നല്‍കപ്പെട്ട ഭൂമിയില്‍ ആക്രമിച്ചു കടന്ന പാക്കിസ്ഥാന്‍ ,അവിടെ നിന്നും പിന്മാറാനുള്ള UN നിര്‍ദേശം അവഗണിച്ചു ...അങ്ങനെ സാമാന്യ ലോകത്തിന്റെ കണ്ണില്‍ ഇന്ത്യഉടമസ്ഥരും പാക്കിസ്ഥാന്‍ ഭവനഭേദനം നടത്തുന്നവരും ആയി..



പക്ഷെ..ഏവരും സൌകര്യ പൂര്‍വ്വം മറന്ന കാശ്മീര്‍ ജനതയുടെ ഭൂമിശാസ്ത്ര പരവും സാംസ്കാരികവും ആയ പ്രത്യേകതകള്‍ അവരെ അവരുടെ ഭൂമിയില്‍ അന്യരാക്കി..



നീണ്ട അറുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ഭാരതത്തെ സ്വന്തം രാഷ്ട്രമായി അന്ന്ഗീകരിക്കാന്‍ മനസ് വരാത്തവര്‍ എങ്ങിനെ നമ്മുടെ രാഷ്ട്ര ചിതിയില്‍ അവരെ കണ്ടെത്തും?



ഒരു പ്രദേശത്തിനും കൊടുക്കാത്ത പ്രത്യേക സ്വയം ഭരണ അവകാശവും കൊടുത്തു,നമ്മുടെ വീര യോദ്ധാക്കളുടെ സംരക്ഷണയും നല്കി,ഇനിയൊരു അധിനിവേശത്തിനും അവരെ വിട്ടുകൊടുക്കാതെ ഹിമാവന് കീഴില്‍ മറ്റൊരു ഹിമാവനായി ഭാരത ജനതയുടെ സഹോദര സ്നേഹം ഒരു കവചം ആകുമ്പോള്‍ അതിനെ തിരിച്ചറിയാതെ ശിലയുങത്ത്തിനും അപ്പുറത്ത് ഇരുട്ടില്‍ തപ്പുന്ന സ്വാതന്ത്ര്യത്തിനു കൂടെ ലഭിച്ച വിഷ ബീജത്തിന് പിന്തുണ എകുന്ന്ന ഒരു കൂട്ടം മനുഷ്യര്കായി ഇനിയും നമ്മള്‍ സഹിക്കെനമോ?



കാശ്മീര്‍ ആരുടേത് എണ്ണ ചോദ്യത്തിനും അപ്പുറം കാശ്മീര്‍ എന്തിന് വേണ്ടി എന്ന് നാം ചിന്തിക്കേണ്ട കാലം അതിക്രമിച്ച്ചില്ലേ?



എവിടെ ഭാരതം ആക്രമിക്കപെടുമ്പോഴും ,എവിടെ ഒരു ഭാരത പൌരന്റെ ചോര ചിന്തുമ്പോഴും ,എവിടെ ഒരു വിശുദ്ധ യുദ്ധ ദ്വനികള്‍ ഉയരുമ്പോഴും,അവിടെയെല്ലാം അതെല്ലാം കശ്മീരിന് വേണ്ടി എന്ന് നാം കേള്‍ക്ന്നു ...



നമ്മെ അന്ഗീകരിക്കാത്ത ഒരു ജനതയ്ക്ക് വേണ്ടി നാം എന്തിന് വെന്തു വെണ്ണീര്‍ ആകണം?



നമ്മുടെ രാജ്യം ലോകശക്തിയകുന്നത് തടയുവാന്‍ നടക്കുന്ന ഏതോ ശക്തികളുടെ ഒന്നാം പുകമറ യാണ് കാശ്മീര്‍..കാശ്മീര്‍ പോയാല്‍ ഇന്ത്യ തകരും എന്ന് ആരാണ് നമ്മെ പറഞ്ഞു പടിപിച്ചത്?



കാശ്മീര്‍ ജനതയുടെ മനസ്സില്‍ ഇന്ത്യ യെന്ന്ന രാജ്യം ഉണ്ടെന്ന മിത്ത് ആരാണ് പ്രചരിപ്പിച്ചത്?



കാശ്മീര്‍ ജനതയെ അവരുടെ നിയതിയുംയുള്ള സന്ധിക്ക് വിട്ടു കൊടുക്കുക..



നമ്മുടെ ശ്രദ്ധ നമ്മുടെ രാജ്യ പുരോഗതിയിലേക്ക് തിരിക്കുക.. വികസിതവും സ്വയം പര്യാപ്തവും ആയ ഭാരതം കണ്ടു അത് വിട്ടു പോയവര്‍ ലജ്ജിക്കട്ടെ..



നമുക്കു ഇനിയും രക്തം ചിന്താന്‍ ആവില്ല..കാര്യ കാരണങ്ങളുടെ സമസ്യാ പൂരനംങള്‍ക്ക് ചെവി കൊടുക്കാതെ ,ഒരു രാജ്യമായി,ഒരു ലക്ഷ്യമായി മുന്നോട്ടു പ്രയാണം തുടരുക..



നാം ലോകത്തിന്റെ നെറുകയില്‍ എത്തുന്നത് വരെ...!!!