Sunday, May 20, 2012

അവെന്ജ്ഴ്സും ഇന്ത്യയും കുഷ്ഠ രോഗവും

I MAX-3D യുടെ ശീതളിമയില്‍ ,വടക്കേ അമേരിക്കയിലെ ഒരു തിയറ്ററില്‍ "മാര്‍വെല്‍ ദി അവെന്ജ്എഴ്സ്" കാണുകയായിരുന്നു ഞങ്ങള്‍ കുറച്ചു പേര്‍ ..
തിയറ്റര്‍ നിറഞ്ഞു ആളുകള്‍ ആണ്, സൂപ്പര്‍ ഹീറോകളുടെ(അതായതു അമേരിക്കയിലെ ഡിങ്കനും മായാവിയും കപീഷും ഒക്കെ ) കൂട്ട പോരിച്ചില്‍ കാണാനാണ് ഞങ്ങള്‍ അടങ്ങുന്ന ആള്‍കാര്‍ ഇടിച്ചു കയറി ഇരിക്കുന്നത്... 



പടം തുടങ്ങി..കുറച്ചു കഴിഞ്ഞപ്പോഴേക്കും അങ്ങേ ലോകത്ത് നിന്നും ഏതോ വെളിച്ചക്കുഴിയിലൂടെ ഊര്‍ന്നിറങ്ങി വന്നു അമേരിക്കയിലെ ഏതോ പട്ടണത്തില്‍ ഒരുത്തന്‍ (ലോകി അഥവാ തോര്‍ എന്നാ സൂപ്പര്‍ ഹീറോയുടെ  അനിയന്‍) പ്രശ്നമുണ്ടാക്കുന്നു...ലോകത്ത് ഇങ്ങനെ എന്ത് പ്രതിഭാസം ഉണ്ടായാലും ഭൂഗോളത്തിന്റെ വേറൊരു ഭാഗത്തും സംഭവിക്കില്ല,അമേരികയില്‍ (അതും ന്യൂ യോര്‍ക്ക്‌,ലോസ് അന്ജ്ജെലാസ് മുതലായ സ്ഥലങ്ങളില്‍ )മാത്രമേ ഇത് പോലെയുള്ള ഇറക്കു മതികള്‍ പ്രത്യക്ഷപ്പെടൂ ...!!  എന്തായാലും ഈ ലോകി എന്ന സായിപ്പിന് ഉണ്ടായവന്‍ (അങ്ങേ ലോകത്ത്-അസ്ഗാര്‍ഡില്‍ എങ്ങനെ സായിപ്പിന്‍ കുഞ്ഞു ഉണ്ടായി എന്നതിന് എനിക്ക് അറിവുള്ളതല്ല...ഒരു പക്ഷെ അന്നും സായിപ്പിന് ഒരു പാട് ചായക്കടകള്‍ ഉണ്ടായിരിക്കണം) തറ(തര) വഴി കാണിച്ചു തുടങ്ങുമ്പോള്‍ ഒരു റഷ്യന്‍ ചാരി -ഏജന്റ് ആണത്രേ- ഹള്‍ക്ക് അഥവാ ഡോക്ടര്‍ ബ്രൂസ് ബാനര്‍ എന്ന അടുത്ത രക്ഷകനെ തേടി ഇറങ്ങുന്നു...ഇനിയാണ് രോമാഞ്ചം കൊള്ളിക്കുന്ന രണ്ടു മൂന്നു മിനിറ്റ്..

അവര്‍ ഹള്‍ക്കിനെ തേടി എത്തി പെട്ടത് താഴെ പറയുന്ന രംഗങ്ങളിലൂടെ കാണിക്കുന്ന സ്ഥലത്താണ്..

"അഴുക്കു + പൊടി + ചൂട് + ബഹളം + ഒച്ച "
"ആകെ വൃത്തികേട്‌+ കുളിക്കാത്ത കുട്ടികള്‍ +മൂക്കൊലിപ്പ്, വൃത്തിഹീനമായ തെരുവ് "
"ജനത്തിരക്ക് +ഹിന്ദി സിനിമ പോസ്റ്റര്‍+പൂക്കള്‍ +കടും നിറങ്ങള്‍ , സാരി ധാരിണികള്‍ , പിച്ചക്കാര്‍ ,റിക്ഷക്കാര്‍"
"ചേരി +ഇടുങ്ങിയ കുടുസു മുറി,ഇരുട്ട്+ വൈദ്യുതി ഇല്ലായ്മ"
"പകര്‍ച്ച വ്യാധി+ കുഷ്ഠ രോഗം +കിടക്കുന്ന മെലിഞ്ഞ ബ്രൌണ്‍ ശരീരങ്ങളെ ചികിത്സിക്കുന്ന വെള്ളക്കാരന്‍ ഡോക്ടര്‍ "

ഇത്രയും ആയതോടെ എല്ലാവര്‍ക്കും മനസിലായി അത് ഇന്ത്യ തന്നെ എന്ന്...അടുത്തിരുന്ന സായിപ്പു മുറു മുറുക്കുന്ന കേട്ടു " ദാറ്റ്‌ ഷുഡ്‌ ബി ഇന്ത്യ "
പിന്നെ സിനിമ സംഭവിക്കുന്നത്‌ വെള്ളക്കാരന്റെ ഭൂമിയില്‍ ആണ്.. ഇതിനിടയില്‍ എപ്പോഴോ ,ധൂര്‍ത്തമായ ദൃശ്യ അമ്പരപ്പുകള്‍ക്കിടയില്‍ ഹള്‍ക്ക് (ഡോക്ടര്‍ ബ്രൂസ് )ചവച്ചു തുപ്പുന്നുണ്ട് "കൊല്‍ക്കട്ട " എന്ന വാക്ക്.. അതോടെ എല്ലാവരും ബോധിച്ചു - മുന്‍പ് കണ്ട ദൃശ്യങ്ങള്‍ ഇന്ത്യ തന്നെ എന്ന്...

പറഞ്ഞു വന്നത് ഹോളിവുഡിന്റെ കണ്ണിലെ ഇന്ത്യയെ കുറിച്ചാണ്.. മറു വാദം ഉന്നയിക്കാം - ഇന്ത്യയില്‍ എന്തെ ദാരിദ്ര്യം ഇല്ലേ എന്ന്..
ഉണ്ട് എന്ന് ഉത്തരം..എന്നാല്‍ ഇവിടെ അതല്ല വിഷയം...
220 മില്യന്‍ ചിലഴിച്ചു നിര്‍മിച്ച ഈ ചലച്ചിത്രത്തിന്റെ കഥാഗതിയില്‍ , ഹള്‍ക്കിന്റെ അജ്ഞാത വാസത്തെ "ഗ്ലോറിഫൈ " ചെയ്യാന്‍ ഇന്ത്യക്കാരന്റെ കുഷ്ഠ രോഗം വേണോ എന്നാണ് ചോദ്യം ..
ഇത് കഥയല്ലേ,കലാകാരന്റെ സ്വാതന്ത്ര്യമല്ലേ എന്നാവാം അടുത്ത ചോദ്യം..
എന്നാല്‍ എന്റെ ഓര്‍മ അനുസരിച്ച് , ഹള്‍ക്ക് (2003 ) അവസാനം കാണപ്പെടുന്നത് ഒരു ആമസോണ്‍ കാട്ടിലാണ് .. അയാളെ എന്തിനു 2012 ആയപ്പോഴേക്കും ഇന്ത്യയിലേക്ക്‌ കൊണ്ട് വന്നു...?
ഇന്ത്യയെ , സായിപ്പിന് നേരം പോക്കാന്‍ ,അവനു ഒളിച്ചു താമസിക്കാന്‍, ദാരിദ്ര്യം,കുഷ്ഠ രോഗം എന്നിവ ആഘോഷിക്കാന്‍ വെറുമൊരു മൂന്നാം കിട ഭൂമി തുണ്ടായി കാണുന്നു എന്ന് വേണം വ്യാഖ്യാനിക്കാന്‍..


"ചേരി - പട്ടി - ലക്ഷാധിപതി" സംസ്കാരം പടിഞ്ഞാറിന്റെ സിനിമയില്‍ പുതുമയല്ല...തീവ്ര വാദത്തിനു മിഡില്‍ ഈസ്റ്റ്‌ മനുഷ്യരും താടിയും തലപ്പാവും, പട്ടിണിക്കും ദാരിദ്യത്തിനും ഇന്ത്യയിലെ ഏതെങ്കിലും സ്ഥലവും സായിപ്പിന്റെ സിനിമക്ക് പഥ്യമാണ്..
അമേരിക്കയില്‍ എന്തേ ചേരി ഇല്ലേ?
അമേരിക്കയില്‍ എന്തേ പട്ടിണി ഇല്ലേ?
അമേരിക്കയില്‍ ദാരിദ്യം ഇല്ലേ?
എല്ലാവരും ഇവിടെ ലക്ഷാധിപതികള്‍ ആണോ?

അല്ലെന്നാണ് കുറച്ചു വര്‍ഷങ്ങളിലെ വടക്കേ അമേരിക്കന്‍ വാസം കൊണ്ട് എനിക്ക് മനസിലായത്...അരിസോണയിലെ ഈ മരുഭൂമി നഗരത്തില്‍ ഓരോ വര്‍ഷവും കത്തിക്കാളുന്ന വേനലില്‍ തെരുവില്‍ കരിഞ്ഞു വീണു മരിക്കുന്ന " ഹോം ലെസ്സ് " അമേരിക്കന്‍ പൌരന്മാരുടെ എണ്ണം കൂടി വരുന്നതായാണ് ഇവിടുത്തെ വിലക്കെടുക്കപെടാത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്..അങ്ങിങ്ങായി തനിച്ചു താമസിക്കുന്ന,വൃദ്ധ ജനങ്ങളുടെ മരിച്ചു ജീര്‍ണിച്ച ശരീരം പുറം ലോകം അറിയുന്നത് ആരെങ്ങിലും 911  വിളിക്കുമ്പോഴാണ് (പുത്ര പുത്രീ സ്നേഹത്തിന്റെ മഹത്വം ).
കറുത്തവന്‍ പ്രസിഡന്റ് ആയതിനു ശേഷവും ,കറുത്ത തൊലിയെ (അക്കൂട്ടത്തില്‍ ഇന്ത്യക്കാരുടെ ബ്രൌണ്‍ തൊലിയും ചിലപ്പോള്‍ വരാം )ക്രിമിനലിസതിന്റെയും തോക്കിന്റെയും മയക്കു മരുന്നിന്റെയും,പെണ്‍ പിടിയന്മാരുടെയും പര്യായ മായി കാണുന്നവരാണ് അമേരിക്കന്‍ വെള്ളക്കാരില്‍ അധികവും...

ചുരുക്കത്തില്‍ അമേരിക്കയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല എന്നതാണ് സത്യം..ഒന്ന് പരിശ്രമിച്ചാല്‍ പട്ടിണിക്കും, ദാരിദ്ര്യത്തിനും സായിപ്പിന് 35 മണിക്കൂര്‍ വിമാന യാത്ര ചെയ്തു ഇന്ത്യ വരെ പോകേണ്ട കാര്യമില്ല..(രസകരം ഇതാണ്, അവെന്ജ്എഴ്സിലെ ഇന്ത്യ ദാരിദ്ര്യ കുഷ്ഠ രോഗ സീന്‍ ചിത്രീകരിച്ചത് ഇന്ത്യയില്‍ അല്ലത്രേ..അതായതു എവിടെ ചിത്രീകരിച്ചാലും ഈ സീനില്‍ ഇന്ത്യയെ പറഞ്ഞു വെയ്കണം എന്ന് ഇവര്‍ക്ക് നിര്‍ബന്ധം ആയിരുന്നു)

വിദേശ സിനിമകളെ തൊണ്ട തൊടാതെ വിഴുങ്ങി മഹത്വ വല്ക്കരിക്കാന്‍ ചില ഭാരതീയ പ്രേക്ഷകര്‍ക്ക്‌ ധൃതി ആണ്..സ്ലം ഡോഗ് മില്ല്യണയര്‍ എന്ന - ഇന്ത്യയെ ലോക മുറ്റത്ത്‌ മാനഭംഗപ്പെടുത്തിയ സിനിമയെ വാനോളം പുകഴ്ത്തിയ നാം വെള്ളകാരന്റെ (അമേരിക്കയോ യൂറോപോ ) പ്രുഷ്ടം താങ്ങാന്‍ അഹമഹമികയാ ഉന്തും തള്ളും കൂട്ടുന്നവരാണ് ...



കൊച്ചിയുടെ അറബിക്കടലില്‍ രണ്ടു ഭാരത പൌരന്മാരെ വേട്ടയാടി വെടി വെച്ച് വീഴ്ത്തി കൊന്നതിനു ശേഷം ഒരു കോടി രൂപയ്ക്കു ഈ രാജ്യത്തെ നിയമത്തെ വിലക്കെടുക്കുന്ന ഇറ്റാലിയന്‍ പ്രഭുക്കന്മാരെ, സാധിച്ചാല്‍ ഒരു താലപ്പൊലിയും വീര ശ്രിംഖലയും കൊടുത്തേ നമ്മുടെ ഭരണ കൂടവും പാതിരി രാജാക്കന്മാരും പത്ര മുതലാളിമാരും തിരികെ ഇറ്റലിയിലേക്ക് പറഞ്ഞു അയക്കൂ ..പടിഞ്ഞാറിന്റെ ഉച്ചിഷ്ടം പോലും മൃഷ്ടാന്നം ഭക്ഷിക്കുന്ന ഇത്തരം അപ്പോസ്തലന്മാര്‍ നമ്മുടെ ഇടയില്‍ ഉള്ള കാലത്തോളം ,ഇന്ത്യ അവര്‍ക്ക്-പടിഞ്ഞാറിന്റെ അഹന്തയ്ക്ക്-എടുത്തു തട്ടി കളിക്കാനുള്ള ഒരു മൂന്നാം ചേരി കളിപ്പാട്ടമേ ആകുന്നുള്ളൂ...

ഹോളിവുഡിന്റെ ഇന്ത്യയെ കാണുന്ന ഈ മഞ്ഞ കണ്ണടക്കു പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്...ഗാന്ധി സിനിമള്‍ക്കും മുന്‍പേ തുടങ്ങി, സ്പീല്‍ബര്‍ഗിന്റെ  ഇന്ത്യാന ജോന്സുകളിലൂടെ ഇങ്ങു ഇന്ന് അവെന്ജ്എഴ്സില്‍ എത്തി നില്‍ക്കുന്നു അതിന്റെ അജീര്‍ണം പിടിച്ച വൈകല്യ ദൃഷ്ടി..ഈ സിനിമകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റ്കളില്‍ നിന്നും വാരിക്കൂട്ടുന്ന കോടികള്‍ വീതം വച്ച് ഭക്ഷിക്കുന്ന ഹോളിവുഡ് ഇനിയും വരും ഇന്ത്യയിലേക്ക്‌,സായിപ്പിന്റെ ആഡംബര ജീവിതത്തിന്റെ വിരസത മാറ്റാനുള്ള ദാരിദ്ര്യ ടൂറിസത്തിന്റെ പുതിയ സാദ്ധ്യതകള്‍ തേടി...അപ്പോഴും നമ്മുടെ വളര്‍ന്നു തിമിര്‍ക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ സിംഹ ഭാഗവും " ഹാം ബര്‍ഗറും, മാക്‌ ഡോനാല്‍ഡും ,സബ് വെയും " ഭുജിച്ചു , ഫ്രണ്ട്സും,സ്ലം ഡോഗും,അവെന്ജ്എഴ്സും കണ്ടു ,ബീമറും മസ്റ്റാങ്ങും സ്വന്തമാക്കി ലാസ് വെഗാസില്‍ പെണ്‍ ശരീരങ്ങള്‍ക്കൊപ്പം ഒഴിവു സമയം ചൂതാടുന്നത് സ്വപ്നം കാണും...
 
കവി പാടിയത് പോലെ...
അറിയാതെ ജനനിയെ പരിണയിച്ചോരാ യവന തരുണന്റെ കഥ എത്ര പഴകീ..
പുതിയ കഥ എഴുതുന്നു വസുധ (ഭാരതം എന്ന് വായിക്കുക )യുടെ മക്കളിവര്‍ വസുധയുടെ വസ്ത്രമുരിയുന്നു...
വിപണികളില്‍ അവ വിറ്റു മോന്തുന്നു വിട നഖര മഴു മുനകള്‍ കേളി തുടരുന്നു...


 

Thursday, August 25, 2011

ഹിംസ

തന്റെ തന്നെ വിശ്വാസങ്ങള്‍ ആപേക്ഷികതയില്‍ നിന്നും വഴുതി മാറി നില്കുന്നതാണ് മനുഷ്യ വംശം കണ്ടിട്ടുള്ള എല്ലാ ഹിംസകള്‍ക്കും കാരണം..
നമുക്ക് ഒരു വിശ്വാസ പ്രമാണത്തെ സ്വയ ബുദ്ധിയില്‍ നിന്നും ഉയിര്‍ക്കുന്ന യുക്തി കൊണ്ട് വിലയിരുത്തി ചോദ്യം ചെയ്യാന്‍ ആകുന്നില്ലെങ്കില്‍ ആ വിശ്വാസം നമ്മെ അടിമയാക്കിയെന്നു സാരം ...മനുഷ്യന്റെ അധപതനം അവിടെ തുടങ്ങുന്നു...തീവ്രവാദത്തിന്റെ മൂല കാരണവും...!!

Friday, January 21, 2011

മകര വിളക്ക് - "അത് നീ ആകുന്നു..."

മകര വിളക്ക് നിരോധിക്കുക..
മകര വിളക്ക് കത്തിക്കുന്നത് ആര്?
മകര ജ്യോതി വെറും തട്ടിപ്പ്...
അയ്യപ്പന്‍ വെറും കാടന്‍ സങ്കല്‍പം..
ശബരി മലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കുക...
സന്നിധാനത്ത് യുക്തിവാദി കേന്ദ്രം തുറക്കുക...
കോടതി മകര വിളക്കിന്റെ സത്യം അന്വേഷിക്കണം...

മട്ടില്‍ ആണ് കേരളത്തിലെ കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്..

മേല്പറഞ്ഞ കുറെ വാര്‍ത്താ വരികള്‍ ആണ് കുറെ നാളായി മലയാളം, ദേശീയ മാധ്യമങ്ങളില്‍ കാണുന്നത്...
ടി വി ചാനലുകളില്‍ ചര്‍ച്ചകള്‍, പത്രങ്ങളില്‍ പ്രത്യേക കോളങ്ങള്‍ എന്ന് വേണ്ട ഇന്റര്‍ നെറ്റില്‍ യുക്തി വാദി ബ്ലോഗന്മാര്‍ ഇര കണ്ട കഴുത പുലികളെ പോലെ അര്‍മ്മാദിക്കുന്നു ...രാഷ്ട്രീയക്കാര്‍ കയറി ഇറങ്ങി അഭിപ്രായം പറഞ്ഞു രസിക്കുന്നു...ശാസ്ത്രജ്ഞന്മാര്‍ മകര വിളക്കിന്റെ ഉറവിടം കണ്ടെത്തി ഊറ്റം കൊള്ളുന്നു...കോടതി ആകട്ടെ കാണേണ്ടത് കാണാതെ ,ഒരു ഉത്സവത്തിന്റെ പിതൃത്വം തിരയുന്നു....

ആകെ ബഹളമയം , ജഗ പൊക,ഇതിനിടയില്‍ നാം മറക്കുന്നത് ഒരു മഹാ ദുരന്തത്തിന്റെ കാരണങ്ങളും ...
ഒരു നിമിഷം ഒന്ന് ശാന്തമായി ചിന്തിക്കുക ,അയ്യപ്പനെയും ശബരിമലയെയും,മകര വിളക്കിനേയും മാറ്റി വയ്ക്കുക..

എന്തിന്റെ പേരിലായാലും ഇന്ത്യയെന്ന അന്തം വിട്ട ജനാധിപത്യത്തിന്റെ നാട്ടില്‍ ,സര്‍കാരിന്റെ സ്ഥലത്ത് രണ്ടു ലക്ഷത്തോളം പേര്‍ തടിച്ചു കൂടുമ്പോള്‍, സ്ഥലത്തിന്റെ ഉടമയായ സര്‍കാര്‍ ജനക്കൂട്ടം ഉണ്ടാകാനുള്ള "സാധ്യത"
ചിന്തിച്ചില്ലെന്നു പറയുന്നു ..
ആദ്യത്തെ തെറ്റ്..

ഇത്രയും മനുഷ്യര്‍ ഒരു പകുതി ഫുട്ബോള്‍ കളത്തിന്റെ പകുതി സ്ഥലത്ത് തിങ്ങി കൂടുമ്പോള്‍ ,അത് മകര വിളക്കു കാണാനോ കബഡി കളി കാണാനോ ആണെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് തിരക്ക് നിയന്ത്രിക്കാന്‍ ഒരു തയാറെടുപ്പും ഇല്ലായിരുന്നു...
അടുത്ത വീഴ്‌ച്ച...

വനം വകുപ്പിന്റെ സ്വന്തം സ്ഥലത്ത് സുരക്ഷ പരിശോധന കഴിഞ്ഞു കയറ്റി വിട്ട അയ്യപ്പന്മാരെ കാട്ടാനയോ പാമ്പോ ഉപദ്രവിക്കാതിരിക്കാന്‍ തല്‍ക്കാലത്തേക്ക് എന്ത് കൊണ്ട് വെളിച്ചം ഒരുക്കിയില്ല...

ശബരി മല എന്ന കറവ പശുവിനെ ചുരത്തി ഉണ്ടാക്കുന്ന ശത കോടികള്‍ (കൃത്യമായി പറഞ്ഞാല്‍ 138 കോടി , ദുരന്ത ദിവസത്തിന് മുന്‍പ് വരെ,അതും പരസ്യമായി പറഞ്ഞ തുക...)വീതിക്കുമ്പോള്‍ പണക്കിലുക്കത്തിനപ്പുറം
അത് കൊണ്ട് തരുന്ന മറു നാട്ടുകാര്‍ ഉള്‍പെടുന്ന അയ്യപ്പ ഭക്തരെ മറന്നു...

ഇത് വീഴ്ചയല്ല...പൊറുക്കാനാവാത്ത കുറ്റകൃത്യം ...

ഇതിനൊക്കെ ഉത്തരവും കാരണവും നടപടികളും നല്‍കാന്‍ ബാധ്യത പെട്ടവര്‍ മകര വിലക്ക് ദീപാരാധനയും അയ്യപ്പനെയും മുന്‍പോട്ടു തള്ളി വിട്ടു രക്ഷ പെടുന്ന കാഴ്ച അതി ദയനീയം തന്നെ....
അതിനു കോടി പിടിക്കാന്‍ നീതി പീഠം കൂടി ആകുമ്പോള്‍ വികൃത ചിത്രം പൂര്‍ത്തിയാകുന്നു...

ഇനി ഇതിനെല്ലാം കാരണക്കാരനായ കാനന വാസനെയും മകര വിളക്കിനേയും മുന്‍പിലേക്ക് കൊണ്ട് വന്നു വിചാരണ ചെയ്യാം...

കാനന വാസന്‍,കലിയുഗ വരദനായ ശാസ്താവിനെ കാണാന്‍ പോകുന്ന തീര്‍ഥാടകര്‍ യാത്രയുടെ ഉച്ച സ്ഥായിയില്‍ ,
മല കയറി സന്നിധാനത്തെത്തി പതിനെട്ടു പുരാണങ്ങളും കടന്നു മുകളിലെത്തുമ്പോള്‍ കാണുന്നത് - "തത്വമസി "
എന്ന ചാന്ധോക്യ ഉപനിഷദ് വരികള്‍...
ഉദ്ദാലകന്‍ മകന്‍ ശ്വേത കേതുവിനു പറഞ്ഞു പകരുന്ന വേദാന്ത രഹസ്യം ...
മായ അകന്ന സത്യവും അഹം എന്ന ഭാവം അകന്ന ജീവ ജന്മങ്ങളും ഒന്നാണെന്ന ഭാരത സന്ദേശം..
സത്യം ഒന്ന് മാത്രമാണ് എന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ് ...യുക്തി വാദികള്‍ ആണെങ്കില്‍ പോലും...ദൈവം ഇല്ലെന്ന സത്യം അത് ഒന്ന് മാത്രമാണെന്ന് അവര്‍ അംഗീകരിക്കുന്നു...
ക്രിസ്തു സത്യമായ ക്രിസ്ത്യാനിയും ,അല്ലാഹ് സത്യമായ ഇസ്ലാമും,നിരീശ്വര വാദം സത്യമായ യുക്തിവാദികളും,
ഒരു ഹിന്ദു ദ്രാവിഡ ദൈവ മെന്നു മുദ്ര കുത്തപ്പെട്ട അയ്യപ്പനെ കാണുമ്പോള്‍ അവരവരുടെ സത്യങ്ങളില്‍ തങ്ങളെ തന്നെ തിരിച്ചറിയുക ..ഇതാണ് ശബരിമലയുടെ ലക്‌ഷ്യം..ഒരു മതത്തിന്റെയും ചട്ടകൂടില്‍ അല്ല ശബരിമലയുടെ സ്ഥാനം..

ഒരു യുക്തി വാദിയുടെ മതം "യുക്തി" ആണെങ്കില്‍ അയ്യപ്പന്‍ നല്ല ഒന്നാന്തരം യുക്തി വാദി ആണ്..
എല്ലാ ജാതി മതക്കാര്‍കും ഒരു പോലെ പരിഗണ നല്‍കുന്ന അയ്യപ്പന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ആയും കാണപ്പെടാം..
തന്നെ ആരാധിച്ചു കാണാന്‍ വരുന്നവരെ തന്റെ പേര് തന്നെ വിളിച്ചു സംബോധന ചെയ്യുന്ന "ദൈവം"
ഒരു ന്യൂ ഏജ് ഗുരുവും ആകാം..
പശ്ചിമ ഘട്ടത്തിലെ കാട്ടു ദൈവം പ്രകൃതി എന്ന മാതാവിനെ നല്ല പോലെ അറിഞ്ഞവനും ആകാം..

അയ്യപ്പനെ കുറിച്ച് ഇത്രയും പറഞ്ഞത് സങ്കല്പത്തെ ദൈവീകരിച്ചു സിംഹാസനവരോധിതനാക്കാനല്ല..
മനുഷ്യന്‍ എന്ന ജൈവ പരിണാമ അവസ്ഥയില്‍ നിന്നും വേറിട്ട്‌ അവനെ ഭരിക്കുകയും ശിക്ഷിക്കുകയും ചെയ്തു,
ആകാശങ്ങള്‍ നിറഞ്ഞു അവനെ ഭരിക്കുന്ന ഒരു ദൈവമല്ല ശാസ്താവ് എന്ന വിശ്വാസം എന്ന് പറയാന്‍ മാത്രമാണ്..

ഓരോ മനുഷ്യരും പ്രപഞ്ച സത്യത്തിന്റെ സത്ത ആണെന്ന് പ്രഖ്യാപിക്കുന്ന ഒരു വിശ്വാസത്തിന്റെ ഉത്സവത്തില്‍ ആണ് നൂറു കണക്കിന് മനുഷ്യര്‍ ആന്തര അവയവങ്ങള്‍ തകര്‍ന്നു മരിച്ചത് ...

കാരണങ്ങള്‍ തേടുന്നവര്‍ - അത് സര്‍ക്കാര്‍ ആയാലും കോടതി ആയാലും അയ്യപ്പനെന്ന വിശ്വാസത്തെ വെറുതെ വിടുക..

ഇനി മകര വിളക്ക്,

പൊന്നമ്പല മേട്ടില്‍ മൂന്നു പ്രാവശ്യം കത്തി അണയുന്ന മകര വിളക്ക് എന്ന ദീപാരാധന തനിയെ പ്രകാശിക്കുന്നതല്ല
എന്നത് വസ്തുത.. ഒരു ക്ഷേത്രത്തിന്റെ ആരാധന നിയമങ്ങള്‍ ക്രോഡീകരിച്ചു , നിയന്ത്രിക്കുന്ന , ക്ഷേത്രം എന്ന
യന്ത്രത്തിന്റെ എഞ്ചിനീയര്‍ ആകുന്ന തന്ത്രി പ്രഖ്യാപിക്കുന്നു ,മകര വിളക്ക് മനുഷ്യ നിയന്ത്രിതമാണ്‌..
മകര വിളക്ക് നടത്തുന്ന സ്ഥലവും തറയും ഫോട്ടോയെടുത്തു ബ്ലോഗില്‍ ഇട്ടു , ലോകോത്തര കണ്ടുപിടുത്തം നടത്തി എന്ന് ആക്രോശിക്കുന്ന ബ്ലോഗര്‍മാരും ,മകര വിളക്ക് ആഗോള ഗൂഢാലോചന ആണെന്ന് പറയുന്ന യുക്തിവാദികളും
അറിയുക..
ദീപാരാധനയിലെ മനുഷ്യ കരങ്ങള്‍ ആണോ ഇവിടുത്തെ പ്രശ്നം?

അടച്ച ശ്രീകോവില്‍ തുറക്കുമ്പോള്‍ ഉള്ളിലെ പ്രകാശ പൂരിതമായ വിഗ്രഹത്തിലേക്ക് കൈ കൂപ്പുന്ന ഭക്ത വികാരവും, മെക്കയിലേക്ക് നടത്തുന്ന പുണ്യ യാത്രയുടെ അവസാനം നേടുന്ന സാഫല്യവും, ക്രൂശിത രൂപത്തിന്റെ മുന്‍പില്‍ മുട്ട് കുത്തുന്ന മനുഷ്യ മനസ്സും, ദൈവം ഇല്ലെന്ന വിശ്വാസത്തെ വിശ്വസിക്കുന്ന യുക്തി വാദികളുടെ വാദങ്ങളും, കുറെ കൂടി നല്ല രീതിയില്‍ ഭൂമിയെ ഉപയോഗിക്കാന്‍ ഒരാളെ പ്രാപ്തനാക്കുന്നുവെങ്കില്‍ എന്തിനു നാം
അതിനു തടയിടണം?
ഇരുളിന്റെ ആഴങ്ങളില്‍ , ഒരു മലയില്‍ ദീപം തെളിയുന്നത് കാണാന്‍ ആള്‍കാര്‍ കൂടുന്നത് ഇന്ത്യയില്‍ നിയമ വിരുദ്ധമാണോ?

ഒരു ചെറിയ സ്ഥലത്ത് രണ്ടു ലക്ഷം പേര്‍ അകലെ ഒരു ചെറിയ പ്രകാശത്തെ പ്രതീക്ഷിമ്പോള്‍ രൂപപെടുന്നത് ഒരു ജനക്കൂട്ടത്തിന്റെ സംഘടിത മന ശാസ്ത്രമാണ് .. അത് ഒരു അളവില്‍ അപകടകരമായ സാധ്യതകള്‍ ഉള്‍കൊള്ളുന്നതാണ്...അതീവ സാംക്രമികവും ...ഒരു സമതുലിതാവസ്ഥയില്‍,ഒരേ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുന്ന
വിവിധ മനസുകള്‍ ഒരു ക്രിയാത്മകമായ മനോ വ്യാപാര സങ്കലനം സാധ്യമാക്കുമ്പോള്‍, ജനക്കൂട്ടത്തിലെ ഒരു ചെറിയ വ്യതിചലനം പോലും സങ്കല്‍പ്പിക്കാനാവാത്ത പ്രതിഫലനങ്ങള്‍ ഉണ്ടാക്കും...ഇവിടെ ഒരു വന പ്രദേശത്ത്, ആവശ്യത്തിനു വെളിച്ചം പോലുമില്ലാതെ, നിയന്ത്രിക്കാന്‍ ആരുമില്ലാതെ,ഒന്നിച്ചു നിര്‍ത്താന്‍ ഒരു ഭാഷ പോലും ഇല്ലാതെ ഭീതിയുടെ ഓളങ്ങളില്‍ ജനക്കൂട്ടത്തിന്റെ മനസ്സ് ഭ്രാന്താകാരം പൂണ്ടു അതിന്റെ വ്യക്തി ഘടകങ്ങളെ സംഹരിച്ചു...

ഇതിന്റെ പിന്നിലെ കാരണങ്ങള്‍ തേടുന്നവര്‍ മകര വിലക്കിനെയോ അയ്യപ്പനെയോ അല്ല കുറ്റം പറയേണ്ടത്..
സങ്കലിത മനസിനെയും ശരീരത്തെയും വേണ്ട വിധം നിയന്ത്രിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ സംവിധാനങ്ങളെ
ആണ്...

ഇനി മകര വിളക്ക് പൊന്നമ്പല മേട്ടില്‍ ആദി വാസികളോ ,നാട്ടു വാസികളോ ,കെ എസ്‌ ബി യോ ,ദേവസ്വം ബോര്‍ഡോ കത്തിക്കുന്നതാണെന്നു പത്ര വിളംബരം നടത്തിയെന്നിരിക്കട്ടെ...ശബരിമലയിലെ തിരക്ക് കുറയുമോ?
അവിടുത്തെ വരുമാനം ഉപയോഗിച്ച് സര്‍ക്കാര്‍ ഭക്തരെ വേണ്ട വിധം സ്വീകരിച്ചു നിയന്ത്രിച്ചു ,സൌകര്യങ്ങള്‍ ഒരുക്കുമോ?

എവിടെ?ആരോട് പറയാന്‍? ദീപസ്തംഭം മഹാശ്ചര്യം ! നമുക്കും വേണം അയ്യപ്പന്മാരുടെ ഭക്തിപ്പണം...
അത്രേ ഒള്ളു...
ഇനിയും മനുഷ്യര്‍ മരിക്കും ശബരിമലയില്‍, ചവിട്ടേറ്റും ,മറിഞ്ഞു വീണും ,ശ്വാസം മുട്ടിയും ...!!
അപ്പോഴും കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്‌കാരും കേരളം മാറി മാറി "ധരിക്കും" !!
അപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളും ദേവസ്വവും ഭക്തരുടെ കാണിക്കയും വിശപ്പും വിറ്റു
കാശാക്കി ,തടിച്ചു കൊഴുത്തു തിമിര്‍ക്കും ..

ശബരിമല തീര്‍ഥാടന സമയം കേരളത്തിലെ പ്രത്യേകിച്ച് മധ്യ കേരളത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍
60 മുതല്‍ 75 ശതമാനം വരെ ആണ് കൂടുതല്‍ ധന വിനിമയം നടക്കുന്നത്..ശബരി മലയിലെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ ആയ ചെങ്ങന്നൂരില്‍ നാലഞ്ച് വര്‍ഷം താമസിച്ച ഒരു വ്യക്തിയെന്ന നിലയില്‍
40 - 50 ദിവസങ്ങള്‍ അവിടെ മാത്രം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അത്ഭുതാവഹമാണ് എന്ന് കണ്ടറിഞ്ഞതാണ് - ലോകത്തിലെ തന്നെ ഏറ്റവും ലോലമായ മസാല ദോശയില്‍ തുടങ്ങി "അയ്യപ്പന്മാരെ പറ്റിക്കാന്‍ " എന്ന ശൈലി അന്വര്‍ഥമാക്കുന്ന അനേകമനേകം
ചൂഷണ മാര്‍ഗങ്ങള്‍ കേരളത്തിലെ സാമ്പത്തിക രംഗത്തിന് നല്‍കുന്ന ആനുകൂല്യങ്ങള്‍ മറക്കാനാവില്ല...
ശബരിമല ശാസ്താവും ലക്ഷോപ ലക്ഷം മദ്യപാനികളും, മദ്ധ്യപൂര്‍വ ദേശത്തെ പ്രവാസികളും താങ്ങി നിര്‍ത്തുന്ന ഒരു സാമ്പത്തിക രംഗം സ്വന്തമായ ഒരു സംസ്ഥാനം അല്പം കൂടി ഗൌരവ പൂര്‍വ്വം കാണേണ്ടതാണ് ശബരി മല ഭക്തന്മാരുടെ സൌകര്യങ്ങള്‍...

ധനു രാശി (saggitarius) യില്‍ നിന്നും മകര രാശിയിലേക്ക് (capricon) ഉള്ള സംക്രമം...
ദൈര്‍ഘ്യമേറിയ പകലുകളുടെ തുടക്കം കുറിക്കുന്ന, ഒരു വിളവെടുപ്പ് മഹോത്സവം...
സാധാരണ മത ആചാരങ്ങളെ അപേക്ഷിച്ച് "യുക്തി" യുടെ അളവ് കൂടിയ ഒരു ഉത്സവമാണ് ഇത്...
മനുഷ്യ കുലത്തിന്റെ നില നില്‍പ്പ് തന്നെ സുര്യന്‍ എന്ന നക്ഷത്രത്തെയും അതില്‍ നിന്നുള്ള
"strategic " ദൂരത്തെയും അപേക്ഷിച്ചാണ് എന്നത് യുക്തി വാദികളും അംഗീകരിക്കുന്ന കാര്യമാണ്...
അപ്പോള്‍ സുര്യന്റെ ഈ അയനവും അതിന്റെ ഉപയോഗ പെടുത്തലുകളുടെ ആരംഭവും ഒരു ജനത സന്തോഷത്തോടെ
സ്വീകരിക്കുന്നു.. അസമില്‍ ബീഹുവും തമിഴന് പൊങ്കലും ഇന്ത്യ ഒട്ടാകെ സംക്രാന്തി ഉത്സവവും അതിന്റെ ഭാഗങ്ങളാണ് ..കേരളം ഒഴികെ മറ്റൊരിടത്തും ഇത് വിവാദത്തിന്റെ ഭാഗമായിട്ടില്ല..ആവാനും സാധ്യത ഇല്ല...

ഇത്രയും പരാമര്‍ശിച്ചത് ശബരി മല എന്നത് ഒരു മത സംഘത്തിന്റെ ഗൂഡ തന്ത്രമായി ചിത്രീകരിക്കുന്നതിലെ
വ്യര്‍ത്ഥത കാണിക്കാനാണ്...
മറിച്ചു ശബരിമല തീര്‍ഥാടനവും മകര വിളക്ക് മഹോത്സവവും ഒരു സംസ്കാരത്തിന്റെ ജീവിത രീതികളുടെ ഭാഗമാണ്...യുക്തി ഭദ്രമാണ് ..
ഈ 41 ദിവസം ചെന്നൈയിലെ TASMAC കടകളുടെ മുന്‍പില്‍ മദ്യ പാനികളുടെ ക്യൂ കുറവാണെന്നത് ഒരു അനുഭവ സാക്ഷ്യമാണ്...അപ്പോള്‍ എവിടെ എങ്കിലും ഒരു തമിഴ് വീട്ടമ്മ അയ്യപ്പനെന്ന കാട്ടു ദൈവത്തിനു നന്ദി പറയുന്നുണ്ടാവും...ഇത് ഒരു യുക്തി വാദി സംഘത്തിനും നേടാന്‍ കഴിയാത്ത ഒരു നന്മ ആകാം...

ശബരി മല എന്ന വിശ്വാസത്തിനു ചുറ്റും കഥകള്‍ മെനഞ്ഞതും, അതിന്റെ കച്ചവട മേഖല ആക്കിയതും ,കാട് നശിപ്പിച്ചതും, ശാസ്താവിനെ ഭക്തരുടെ പണം പറ്റാനുള്ള യന്ത്രം ആക്കി മാറ്റിയത് മാറി മാറി വന്ന
ഭരണ സംഘങ്ങള്‍ തന്നെ ആണ്.. യോഗ്യതയും ഉത്തരവാദിത്തവും കുറഞ്ഞാലും വരുമാനം കൂടി കൂടി വരുന്ന
ഒരു ക്ഷേത്രത്തിലെ ധനം പങ്കിടുന്ന കാര്യത്തില്‍ എല്ലാവരും മുന്‍പിലാണ്...ദേവസ്വം ബോര്‍ഡ്‌ എന്ന തേരട്ടയും ഒട്ടും പിറകില്‍ അല്ല...(ആരുടെ ,ഏതു ഭക്ത സമൂഹത്തിന്റെ രക്തവും വിയര്‍പ്പും ആണ് ചൂഷണം ചെയ്യപ്പെടുന്നത് ഇനി എടുത്തു പറയേണ്ട കാര്യം ഇല്ലെന്നു തോന്നുന്നു...)

അത് കൊണ്ട് സ്വന്തം പൌരന്മാരുടെ മരണത്തിന്റെ കുറ്റം പേറേണ്ടവര്‍ അയ്യപ്പന്മാരുടെ വിശ്വാസത്തെയും
മകര വിളക്കിനേയും താറടിക്കുന്നത് തുടരാതെ അവരവരുടെ ധര്‍മം നിറവേറ്റുന്നതാകും നല്ലത്...

ഗീത മുഴുവന്‍ ഉപദേശിച്ച ശേഷം കൃഷ്ണന്‍ എന്ന യാദവ അദ്ധ്യാപകന്‍ അര്‍ജുനന്‍ എന്ന ക്ഷത്രിയ യോദ്ധാവിനോട്
പറയുന്ന ഒരു വാചകം ഉണ്ട്...
" യഥെച്ഛസി തഥാ കുരു " - നീ നിന്റെ ഹിതം പോലെ വര്‍ത്തിക്കുക ..!!
അതായത് ഞാന്‍ പറയാന്‍ ഉള്ളതെല്ലാം പറഞ്ഞു...ഇനി നീ നിന്റെ ബുദ്ധി അനുസരിച്ച് ചെയ്യേണ്ടത് ചെയ്യുക..

ശബരിമല ഒരു വര്‍ഷത്തിലെ 41 ദിവസം ജീവിത വൃതം ആക്കുന്ന ഒരുപാട് പേര്‍ ഉള്ള ഒരു നാട്ടില്‍,ഈ ദുരന്തങ്ങളും ,സര്‍കാരിന്റെയും അതിന്റെ സംവിധാനങ്ങളുടെയും നിഷ്ക്രിയത്വവും ഒരു ഗീതോപദേശത്തിന്റെ ഫലം ചെയ്‌താല്‍ ,ഈ ജന തതി അവര്‍ക്ക് ഹിതം എന്ന പോലെ അവരുടെ വോട്ട് എന്ന അവകാശം വിനിയോഗിക്കാന്‍ തീരുമാനിച്ചാല്‍ ,അധികാര കേന്ദ്രങ്ങളുടെ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഉള്ള പ്രവചിത ഭ്രമണം മാറുമെന്നു കേരളത്തിലെ കോണ്‍ഗ്രെസ്സുകാരും കമ്മ്യൂണിസ്റ്റ്‌കാരും ദേവസ്വം പ്രഭുക്കന്മാരും ഓര്‍ക്കുന്നത് നല്ലതായിരിക്കും...

ഓര്‍ത്താല്‍ നന്ന് ..!!