Friday, December 17, 2010

മരങ്ങള്‍ ചിന്തിക്കുന്നിടം ...



ഞാന്‍ ഒരു ഇല...
അമ്മ മരത്തിനു പ്രിയപ്പെട്ടവന്‍.
ഇന്ന് ഇലകള്‍ കൊഴിയുകയാണ്.

ഇല പൊഴിയുന്ന കാലമിനിയുമെത്തിയിട്ടില്ല...
ഇന്ന് ഞങ്ങള്‍ -ഇലകള്‍-വേര്‍പെട്ടകലുകയാണ് !
ഒരു ഇല പൊഴിയാന്‍ കാരണങ്ങള്‍ പലതാവാം..
വൃക്ഷ നാഡീ ബന്ധനത്തെ ഭൂഗുരുത്വം ജയിച്ചതാവാം ,
ഒരു കൊടുങ്കാറ്റു ഞങ്ങളെ
അമ്മ മരത്തില്‍ നിന്നുമടര്‍ത്തിയെടുക്കുന്നതാവാം ,
ഭൂമിയുടെ അവകാശികള്‍ - പുഴുക്കുഞ്ഞുങ്ങള്‍ക്ക്
ഞങ്ങള്‍ ആഹാരമാകുന്നതുമാവാം ..

എങ്കിലും ഇന്ന് ഒരു ഇളം കാറ്റ് പോലും വീശിയില്ല...
പുഴു ജന്മങ്ങള്‍ ഭക്ഷണം കാത്തതും ഇല്ല..
ഞങ്ങള്‍ കുഞ്ഞിളം ഇലകളുമായിരുന്നു...

എന്തിനാവാം ഞങ്ങള്‍ കൊഴിയുന്നത്?

എനിക്ക് ആകാശങ്ങള്‍ നഷ്ടപെടുകയാണ്..
ഞാന്‍ ഭൂമിയുടെ മണ്ണിലേക്ക് ഇറങ്ങുന്നു.
ഒടുവില്‍ ഒരു കുഞ്ഞു വൃക്ഷ വിത്തിന് മീതെ
ഒരു കുടയായി ഞാന്‍ വീണിരിക്കുന്നു..

പിന്നില്‍ ഒരിടി വെട്ടുന്ന ശബ്ദം..ശിഖരങ്ങള്‍ ഞെരിയുകയാണ് .
അമ്മ മരത്തെ വെട്ടിക്കീറുന്ന മനുഷ്യ - കോടാലി യന്ത്രങ്ങള്‍...
എന്റെ ഞെട്ടലില്‍ വൃക്ഷ വിത്തിന്റെ മനസ്സ് മന്ത്രിച്ചു..
ഞാന്‍ അറിയുന്നു..അമ്മ മരത്തിന്റെ മനസ്സ്...!!!!

"നിന്റെ ധര്‍മം എന്നെ കാക്കുകയാണ്..
നിന്റെ കര്‍മം എന്റെ പിന്തുടര്‍ചക്ക് നിയോഗമാവുകയാണ്.."

ഞാന്‍ എന്റെ ജന്മ ധര്‍മമെന്ന തുടര്‍ച്ചയുടെ അര്‍ഥം അറിഞ്ഞു..
പ്രകൃതിയുടെ ചിന്ത...അനിവാര്യമായ നിയോഗങ്ങള്‍..
അമ്മ മരത്തിന്‍ വിത്തിന് തണലായി,
ഒരു കവചമായി ,
ഒരു മരം ചിന്തിച്ചു തുടങ്ങിയതിന്‍ കര്‍മ രൂപമായി..

ദൂരെ കാടിന്റെ ഏതോ ഇരുളില്‍,
പ്രകൃതിയുടെ പ്രതിരോധത്തിന്‍ കൊടുംകാറ്റുണരുകയായിരുന്നു....
കൊടുങ്കാറ്റിന്റെ കണ്ണില്‍ , അമ്മ മരത്തിന്റെ മനസുറങ്ങുന്നു..
അപ്പോഴും മനുഷ്യ യന്ത്രങ്ങള്‍ മരം വെട്ടു തുടര്‍ന്നു..

വരാനിരിക്കുന്ന മഹാ യുദ്ധങ്ങള്‍ അറിയാതെ..