Sunday, November 2, 2008

മരണം മുതല്‍..
--------------------
ഞാന്‍ മരണപ്പെട്ടവന്‍...
അവസാനം ഞാന്‍ ഓര്‍ക്കുന്നത് ..
തീയും വെളിച്ചവും ,,,
ചിതറിത്തെറിക്കുന്ന ലോഹ പാളികളും..
എടുത്ത്തെറിയപ്പെടുന്നതിന്‍െ ലാഖവത്വവും..
ഭൂഗുരുത്വത്ത്തെ നിഷേധിക്കുന്ന ലാഘവ പ്രവേഗം..
ഒന്നായി അടുക്കി മിനുക്കിയ ശരീര സ്ഥിതികള്‍ വേര്‍പെടുന്ന വേദന..
വേദന എന്ന വികാരത്തിന്റെ ചേതന അകലുന്ന ശൂന്യത !!!
പിന്നെ ..ഇരുളിന്റെ നീര്‍ വീഴ്ചകള്‍ ...
നിര്വികാരവസ്ഥ ,നിരാകാരാവേശം..മരണത്ത്തണുപ്പ്..
അതെ..ഞാന്‍ മരിച്ചവന്‍..
ശരീരംകന്നവന്‍..ഞാന്‍ ഞാന്‍ മാത്രമായവാന്‍..പേരിന്റെ പേരെച്ചം നഷ്ടപെടുന്നവന്‍..
ഇപ്പോള്‍.
എന്തില്‍ നിന്നോ അകന്നകലുന്നു..
അടുക്കുന്നതെന്തിലെക്കെന്നറിയാതെ..
ലക്ഷ്യമാകന്ന ശസ്ത്രമായി,ഗുരുത്വമകന്ന വീഴ്ചയായി..
ഓര്‍മയില്‍..
ഇന്ദ്രിയ ബന്ധിത ഭൂത കാലാകാശങ്ങളില്‍....
ശബ്ദ ഘോഷങ്ങള്‍..അടക്കിച്ചിരികള്‍...
ആസ്വാദന രാവുകള്‍,ലഹരിതന്‍ ഭക്തി വേഷങ്ങള്‍,
കാവി പുതക്കും ഉന്മാദ വേഗങ്ങള്‍,
ഉന്നത ഗിരിശ്രിംഗം തേടിയ വിയര്‍പ്പു തുള്ളികള്‍..
ഇന്ന്ശരീരമില്ലാത്ത യാത്ര ...
യാത്രയകന്ന പ്രയാണം,യജ്നകര്‍മ രഥമേറി ഈ പ്രയാണം..
അറിയുന്നു ഞാന്‍ ..
അടുക്കുന്ന ഒരു പ്രകാശ വേഗത്ത്തിനെ...
ഇരുളിന്റെ ചീളുകളില്‍ ശ്വേതാശ്വമായി ഒരു വെളിച്ചം..
ഞാന്‍ വെളിച്ചത്തിലേയ്ക്കു സഞ്ചരിച്ചില്ല,,വെളിച്ചം എന്നിലേക്കും..
ഞാന്‍ അറിയുന്നു ...
ഞാന്‍ നയിക്കപെടുന്നുവെന്നു..
എവിടെയോ എത്തിച്ചേര്‍ന്ന പോലെ..
യാത്ര ഇവിടെ തീരുന്ന സംവേദനം..

വെളിച്ചം സംസാരിക്കുന്നു..

"നീ ആരാകുന്നു?"

"ഞാന്‍..ഞാന്‍..പേരു മറന്നിരിക്കുന്നു...പെരെന്തെന്നും പേരു എന്നതെന്തെന്നും "

"നീ യാത്ര തുടങ്ങിയതെങ്ങനെ?"

"ദല്‍ഹി,ആള്‍ക്കൂട്ടം ,സ്ഫോടനം,അഗ്നീലോഹ സമ്മേളനം,ശരീര വിഘടനം.."

വെളിച്ചം പുഞ്ചിരിക്കുന്നുവോ?

"അപ്പോള്‍ നീയും ഭാരതീയന്‍ ??"

"അതെ ഞാന്‍ ഭാരതീയന്‍"

"ആര് ആര് നിന്റെ ശരീരമെടുത്തു?"

"അറിയില്ല..!"

"നീ നിന്റെ ഘാതകര്‍ക്കെന്തു ദ്രോഹം നടത്തി?"

"അറിയില്ല..!!"

"ഏത് ആവശ്യത്തിനായി നിന്റെ ശരീരം അവസാനിച്ചു?"

"അറിയില്ല..!!!"

"ഏത് വിശ്വാസം നിന്റെ യാത്രക്ക് ഉത്തരവാദി?"

"അറിയില്ല ..!!!"
വെളിച്ചം ഒന്നുലഞ്ഞു...ഉച്ചത്തില്‍ വീണ്ടും...

"നിന്റെ കാരണങ്ങള്‍ ഇവിടെ എത്തുവാന്‍?"

" എനിക്ക് അറിയില്ല..."
വെളിച്ചം ശാന്തതയുടെ ഉച്ചത്തില്‍ അലറി..

"നിനക്കു ഇവിടെ നീയായിരിക്കാന്‍ കാരണങ്ങളില്ല ..,

കാരണങ്ങളുടെ നാഡീ ബന്ധനമറ്റ നീ ഇവിടെ അയോഗ്യനാകുന്നു,

നിന്റെ യാത്രയുടെ കാരണങ്ങള്‍ അറിയാതെ നിനക്കു ഇവിടെനില നില്പില്ല...

നീ ഇവിടെ സംഭവിക്കാനാവില്ല..!!!"

"അപ്പോള്‍ ഇനി ഞാന്‍ ??"

"നിനക്കു പോകാം ..!!!"

"ഞാന്‍ ഇനി എങ്ങോട്ട്..??"

"കാരണ രഹിതരുടെ ലോകത്തിലേക്ക് ...,

അവരാകുന്നു ഗതിയറ്റ ജീവന്മാര്‍..!!"

"അവിടെ ഞാന്‍???"

"അനന്ത വൃത്തത്തില്‍ നീ ചരിക്കും...,അനാദികാലം...,

വൃത്ത കേന്ദ്രത്തില്‍ നിന്നകന്നകന്നു...,

നിരര്ധകതയുടെ ചാക്രികതയില്‍...,

ആത്മ തത്വത്തില്‍ നിന്നടര്‍ന്നു..!!!,നീ വീണ്ടും മരിച്ചു കൊണ്ടേയിരിക്കും..""

വെളിച്ചം ഇരുളിന്റെ കൈക്കുള്ളില്‍ മറഞ്ഞു..ശബ്ദം അകന്നു...
പെട്ടെന്ന് ഞാന്‍ വലിച്ചെടുക്കപ്പെടുന്നു...

ഒരു വൃത്ത ചലനം അതി ദ്രുതം വിടര്‍ന്നു..

ശാന്തിയുടെ ,ആത്മ ജ്ഞാനത്തിന്റെ പത്മ കേന്ദ്രം...അതൊരു ബിന്ദുവായി അകലുന്നു...
ചുറ്റും അനേകം അനേകം ജീവന്മാര്‍,

കാരണമറിയാതെ ശരീരം അവസാനിപ്പിക്കപ്പെട്ടവര്‍...

പരലോകത്തിലും ശാന്തി കിട്ടാതുഴലുന്ന ജീവന്മാര്‍..

താമരയിതളിന്റെ അര്‍ത്ഥ കേന്ദ്രത്തില്‍ നിന്നകന്നകന്നു...

അശാന്തതയുടെ വൃത്തങ്ങളില്‍...അവര്‍ സ്വയം നഷ്ടപെടാനാരംഭിച്ചു...

അവര്‍...അവര്‍ ഭാരതീയര്‍.....!!!!