Friday, December 17, 2010

മരങ്ങള്‍ ചിന്തിക്കുന്നിടം ...



ഞാന്‍ ഒരു ഇല...
അമ്മ മരത്തിനു പ്രിയപ്പെട്ടവന്‍.
ഇന്ന് ഇലകള്‍ കൊഴിയുകയാണ്.

ഇല പൊഴിയുന്ന കാലമിനിയുമെത്തിയിട്ടില്ല...
ഇന്ന് ഞങ്ങള്‍ -ഇലകള്‍-വേര്‍പെട്ടകലുകയാണ് !
ഒരു ഇല പൊഴിയാന്‍ കാരണങ്ങള്‍ പലതാവാം..
വൃക്ഷ നാഡീ ബന്ധനത്തെ ഭൂഗുരുത്വം ജയിച്ചതാവാം ,
ഒരു കൊടുങ്കാറ്റു ഞങ്ങളെ
അമ്മ മരത്തില്‍ നിന്നുമടര്‍ത്തിയെടുക്കുന്നതാവാം ,
ഭൂമിയുടെ അവകാശികള്‍ - പുഴുക്കുഞ്ഞുങ്ങള്‍ക്ക്
ഞങ്ങള്‍ ആഹാരമാകുന്നതുമാവാം ..

എങ്കിലും ഇന്ന് ഒരു ഇളം കാറ്റ് പോലും വീശിയില്ല...
പുഴു ജന്മങ്ങള്‍ ഭക്ഷണം കാത്തതും ഇല്ല..
ഞങ്ങള്‍ കുഞ്ഞിളം ഇലകളുമായിരുന്നു...

എന്തിനാവാം ഞങ്ങള്‍ കൊഴിയുന്നത്?

എനിക്ക് ആകാശങ്ങള്‍ നഷ്ടപെടുകയാണ്..
ഞാന്‍ ഭൂമിയുടെ മണ്ണിലേക്ക് ഇറങ്ങുന്നു.
ഒടുവില്‍ ഒരു കുഞ്ഞു വൃക്ഷ വിത്തിന് മീതെ
ഒരു കുടയായി ഞാന്‍ വീണിരിക്കുന്നു..

പിന്നില്‍ ഒരിടി വെട്ടുന്ന ശബ്ദം..ശിഖരങ്ങള്‍ ഞെരിയുകയാണ് .
അമ്മ മരത്തെ വെട്ടിക്കീറുന്ന മനുഷ്യ - കോടാലി യന്ത്രങ്ങള്‍...
എന്റെ ഞെട്ടലില്‍ വൃക്ഷ വിത്തിന്റെ മനസ്സ് മന്ത്രിച്ചു..
ഞാന്‍ അറിയുന്നു..അമ്മ മരത്തിന്റെ മനസ്സ്...!!!!

"നിന്റെ ധര്‍മം എന്നെ കാക്കുകയാണ്..
നിന്റെ കര്‍മം എന്റെ പിന്തുടര്‍ചക്ക് നിയോഗമാവുകയാണ്.."

ഞാന്‍ എന്റെ ജന്മ ധര്‍മമെന്ന തുടര്‍ച്ചയുടെ അര്‍ഥം അറിഞ്ഞു..
പ്രകൃതിയുടെ ചിന്ത...അനിവാര്യമായ നിയോഗങ്ങള്‍..
അമ്മ മരത്തിന്‍ വിത്തിന് തണലായി,
ഒരു കവചമായി ,
ഒരു മരം ചിന്തിച്ചു തുടങ്ങിയതിന്‍ കര്‍മ രൂപമായി..

ദൂരെ കാടിന്റെ ഏതോ ഇരുളില്‍,
പ്രകൃതിയുടെ പ്രതിരോധത്തിന്‍ കൊടുംകാറ്റുണരുകയായിരുന്നു....
കൊടുങ്കാറ്റിന്റെ കണ്ണില്‍ , അമ്മ മരത്തിന്റെ മനസുറങ്ങുന്നു..
അപ്പോഴും മനുഷ്യ യന്ത്രങ്ങള്‍ മരം വെട്ടു തുടര്‍ന്നു..

വരാനിരിക്കുന്ന മഹാ യുദ്ധങ്ങള്‍ അറിയാതെ..

Friday, June 18, 2010

സിറിയാന - ചില ഓര്‍മ്മപ്പെടുത്തലുകള്‍..


ചില ചലച്ചിത്ര സൃഷ്ടികള്‍ നമ്മെ പിന്‍ തുടരും.. അവയുടെ കാഴ്ച സമയം കഴിഞ്ഞാലും ...
സിറിയാന അത്തരത്തില്‍ ഒരു സിനിമ ആണ്.
സിറിയാന പരിഗനിക്കപെടുന്നത് ഒരു സാര്‍വദേശീയ ചലച്ചിത്രം ആയിട്ടാണ്;അത് ,ചില ഹ്രസ്വ ദൃശ്യങ്ങളിലൂടെ
വ്യക്തി-കുടുംബ ബന്ധങ്ങള്‍ പറയുന്നുവെങ്കിലും...
ആദ്യ ഷോട്ടില്‍ നിന്നും മുതല്‍ - തിളയ്ക്കുന്ന സൂര്യ ഗോളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പേര്‍ഷ്യന്‍ ചക്രവാള ദൃശ്യത്തില്‍ നിരന്നു നില്‍ക്കുന്ന ദക്ഷിണേഷ്യന്‍ തൊഴിലാളി മനുഷ്യര്‍ - നമ്മെ അനുവാചനതിന്റെ അല്പം
ഉയര്‍ത്തപ്പെട്ട തലത്തിലേക്ക് എത്തിക്കുന്നു സിറിയാന..


അവസാന ദൃശ്യം ആദ്യത്തെതുമായി തുലനം ചെയ്യുമ്പോള്‍,പ്രത്യക്ഷത്തില്‍ ഒരു സാമ്യതയും ആരോപിക്കാനാവാത്ത
ഒന്നാണ്...ഒരു അമേരിക്കന്‍ ആഫ്രിക്കന്‍ കുടുംബത്തില്‍ മദ്യപാനിയായ പിതാവിനെ മകന്‍ തന്റെ വീട്ടില്‍ കയറാന്‍ അനുവദിക്കുന്നു..ഇതാണ് അവസാന ദൃശ്യങ്ങളില്‍ ഒന്ന്...മറ്റൊരു അവസാന ഭാഗ ദൃശ്യം - രണ്ടു ദക്ഷിണേഷ്യന്‍ യുവാക്കള്‍ ഒരു കൊച്ചു ബോട്ടില്‍ സ്ഫോടക വസ്തുക്കളുമായി ഒരു അമേരിക്കന്‍ എണ്ണകപ്പലിലേക്ക് പാഞ്ഞടുക്കുന്നു
,മറ്റൊന്നില്‍,അമേരിക്കയില്‍ എവിടെയോ ഒരിടത്ത്‌ ഒരു കമ്പനി ലയനം ആഘോഷിക്കപെടുന്നു ,ഇനിയും വേറൊന്നില്‍, ഒരു വിദൂര നിയന്ത്രിത മിസൈല്‍,ഒരു അമേരിക്കന്‍ സീക്രെട്ട് എജെന്റും ഇറാനിയന്‍ യുവ മന്ത്രിയും ഉള്‍പെടുന്ന ആള്‍ക്കൂട്ടത്തെ കൊന്നൊടുക്കുന്നു....

ഒരു തരത്തില്‍ ക്ലീഷേട് ആയ ആദ്യ ദൃശ്യത്തില്‍ നിന്നും, പ്രത്യക്ഷത്തില്‍ പരസ്പര പൂരകങ്ങള്‍ അല്ലാത്ത അവസാന ഷോട്ടുകളിലേക്ക്‌ നമ്മെ നയിക്കുന്ന സങ്കീര്‍ണമായ കഥന ഗതിയാണ് സിറിയാനയുടെ വിജയം..അതിന്റെ മായാജാലവും...


മധ്യ പൂര്‍വ രാജ്യങ്ങളിലെ രാഷ്ട്രീയ (സ്ഥാപിത) താല്‍പര്യങ്ങളുടെയും,അവിഹിത ചരടുവലികളുടെയും
ആകസ്മികവും അതെ സമയം അനിവാര്യവും ആയ സങ്കീര്‍ണ സങ്കലനങ്ങള്‍ ആകുന്നു ഈ സിനിമ...

സിനിമയുടെ നിര്‍മാതാവില്‍ ഒരാള്‍ കൂടിയായ ജോര്‍ജ് ക്ലൂണി സി ഐ എ ഏജെന്റ്റ് ആയി വേഷമിടുന്നു..ക്ലൂണിയുടെ ബോബ് ബെര്‍ന്സ് എന്ന കഥാപാത്രം മധ്യ പൂര്‍വ ദേശത്തെ അനധികൃത ആയുധ കൈമാറ്റങ്ങള്‍ തടയുന്ന /തടയിടുന്ന
അമേരിക്കന്‍ പ്രതിനിധി ആണ് ...
മാറ്റ് ദേമൊന്‍ അവതരിപ്പിക്കുന്ന വൂട്മാന്‍ ,ജെനിവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു എനര്‍ജി അനലിസ്റ്റ് ആകുന്നു..

സിറിയാനയുടെ കഥന രീതി ചടുലവും ,പുറം കാഴ്ചകള്‍ക്ക് അല്പം സങ്കീര്‍ണവും ആണ്..ഒന്നിലധികം കഥന ധാരകളെ കൃത്യതയോടെ അടുക്കു നിവര്‍ത്തുന്ന രീതി ഒരു സിനിമ എഡിറ്റര്‍ നു കോപ്പി ബുക്ക്‌ ആവാം...(അനുകരണീയമാണ്,നിമിഷങ്ങള്‍ കൊണ്ട് ജെനിവയിലും ,ഇറാനിലും ,ലെബനിലും അമേരികയിലും പ്രേക്ഷരെ എത്തിക്കുന്ന കഥാഗതി വേഗം .. )


ഇറാനിലെ എണ്ണ സമ്പത്ത് -അതിന്റെ മുഖ്യ ഉടമസ്ഥ കുടുംബം - അവിടുത്തെ അമീറും അയാളുടെ രണ്ടു പിന്ഗാമി പുത്രന്മാരും അമേരിക്കയുടെയും അവിടുത്തെ എണ്ണ കമ്പനികളുടെയും ശ്രദ്ധ നേടിയെടുക്കുന്നു..
ഉന്നത വിദ്യാഭ്യാസവും കാര്യക്ഷമതയും ഉള്ള ഭരണ നേതാവായ അമീറിന്റെ മൂത്ത മകന്‍ നാസിര്‍ ,തന്റെ രാജ്യത്തെ എണ്ണ സമ്പത്ത് ഭാവിയിലേക്കുള്ള കരുതല്‍ ധനമാക്കി മാറ്റി ,ഖുമെനികളുടെ ഇരുട്ടറകളില്‍ നിന്നും രാഷ്ട്രത്തെ മോചിപിച്ചു ആധുനിക ലോകത്തോടൊപ്പം നടത്താന്‍ ആഗ്രഹിക്കുന്നു..പക്ഷെ അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് (അമേരിക്കന്‍ എണ്ണ കമ്പനികളുടെ ) വഴങ്ങാതെ നീങ്ങുന്ന നാസിര്‍ അവരുടെ ശത്രുവാകുന്നു..നാസിറിനെ വധിക്കാന്‍ നിയോഗിക്കപെടുന്നത് (ക്ലൂണിയുടെ ) ബെര്‍ന്സ് ആണ്..വധോധ്യമങ്ങള്‍ക്കിടയില്‍ ,ലെബനനില്‍ ഹിസ്ബുള്ളയുടെ കയ്യില്‍ അകപ്പെടുന്ന ബെര്‍ന്സ് പക്ഷെ സി ഐ എ യുടെ ബാധ്യതയാകുന്നു..താമസിയാതെ തന്റെ അസ്ഥിത്വം നഷ്ടപെടുന്ന ബെര്‍ന്സ് അയാളുടെ രാജ്യത്തിന്‍റെ തന്നെ ശത്രു ആയി മാറുകയാണ് സിനിമയുടെ അന്ത്യത്തില്‍...
ഈ നീക്കങ്ങള്‍കിടയില്‍ (പിന്നില്‍ ) നടക്കുന്ന സാമ്പത്തിക രാഷ്ട്രീയ ഇടപാടുകളുടെ നേരറിവാണ് സിറിയാനയെ ഒരു ധീരമായ പ്രസ്താവന ആക്കി മാറ്റുന്നത്...

അവിഹിത
മാര്‍ഗങ്ങളിലൂടെ മറ്റൊരു ദേശത്തെ എണ്ണ സമ്പത്ത് ഊറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു എണ്ണ കമ്പനികളുടെ അതീവ ഘര്‍ഷണ പൂര്‍ണമായ ലയനം ,അതിനുള്ളിലെ സമ്പന്ന ദേശീയതയുടെ അഴിമതിക്കളികള്‍
ഇതെല്ലാം ബെന്നറ്റ്‌ എന്ന ലീഗല്‍ ഓഫീസറുടെ (ജെഫ്രി റൈറ്റ് ) യാത്രകളിലൂടെ,അയാളുടെ കണ്ടുമുട്ടലുകളിലൂടെ
അനാവരണം ചെയ്യപ്പെടുന്നു...

സിനിമയുടെ അന്ത്യത്തില്‍ നാസിറിനെതിരായ വധ ശ്രമം അയാളെ അറിയിക്കാന്‍ യാത്രയാകുന്ന ബെര്‍ന്സ് അവരെ കണ്ടുമുട്ടുന്നത് ഇറാന്റെ രാഷ്ട്രീയ ഭാവി തന്നെ മാറ്റിയെടുക്കുമായിരുന്ന ഒരു യാത്രയുടെ മദ്ധ്യേ ആണ്..
ഇരയും മുന്‍ വേട്ടക്കാരനും കണ്ടു മുട്ടുന്ന നിമിഷങ്ങളില്‍..വിദൂര നിയന്ത്രിത മിസൈല്‍ അവരെ വക വരുത്തുന്നു...
വിചിത്രമായ അനിവാര്യതകളില്‍ ,വ്യക്തികളുടെ സംഗമം ഒരു സംഭാഷണത്തിലേക്ക് പോലും നയിക്കാന്‍ കഥാ കര്‍ത്താവു അനുവദിക്കുന്നില്ല...അനുവാചകരെ സ്ഥബ്തരാക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒന്നാണിത്...

സിറിയാനയുടെ മുഖ്യ കഥ ഗതികള്‍ക്കൊപ്പം നില്‍ക്കുന്ന മറ്റൊരു പ്രമുഖ കഥാപാത്രമാണ് മാറ്റ്‌ ടെമോന്റെത് - ഒരു സാധാരണ എനര്‍ജി അനലിസ്റ്റ് ആയ വുട്മന്‍ പുത്ര വിയോഗം പോലും ചവിട് പടിയാക്കി , നാസിറിന്റെ ഉപദേഷ്ടാവോളം വളരുന്നു...ഇറാനില്‍ നിന്നും യുറോപ്പിലേക്ക് വാതക പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന്റെ സാദ്ധ്യതകള്‍ നാസിറിനെ ബോധ്യപെടുത്തി,ഒരു മേഖലയുടെ തന്നെ ഊര്‍ജ കച്ചവട കരാറുകള്‍ ഉന്നം വയ്ക്കുന്ന വൂട്മന്‍ പക്ഷെ തലനാരിഴ വ്യത്യാസത്തില്‍ നാസിറിന്റെയും ബെര്‍ന്സിന്റെയും വിധി നിശ്ചയിച്ച മിസ്സൈല്‍ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു സ്വന്തം രാജ്യത്തേക്ക് മടങ്ങുകയാണ് ...

ഇത് വരെ പറഞ്ഞ കഥാ പാത്ര സ്വഭാവങ്ങളില്‍ നിന്നും തികച്ചും ഭിന്നമാണ്‌ പാകിസ്ഥാന്‍ കൌമാരക്കാരനായ
സലിം .ഉന്നത ശ്രേണികളില്‍ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളില്‍ ജോലിയും ജീവിതവും വഴി മുട്ടുന്ന ഒരു സാധാരണ
എണ്ണക്കിണര്‍ തൊഴിലാളി..അനിവാര്യമായ പരിണാമങ്ങളില്‍,അറബി നാട്ടിലെ ജോലി അന്വേഷണങ്ങളില്‍ കണ്ടു മുട്ടുന്ന അപകടകരമായ വ്യക്തിത്വങ്ങള്‍ അവന്റെ നിയോഗം മറ്റൊന്നാക്കുന്നു...
അവസാന ദൃശ്യങ്ങളില്‍ ഒന്നില്‍, മിസൈല്‍ വാഹിയായ ബോട്ടുമായി അമേരിക്കന്‍ എണ്ണ കപ്പല്‍ ആക്രമിക്കുന്ന സലിം സിറിയാന നല്‍കുന്ന തീവ്ര സന്ദേശങ്ങളില്‍ (താക്കീത് ) ഒന്നാണ്...

സിറിയാനയുടെ കാഴ്ച പ്രക്രിയ തീര്‍ച്ചയായും ഒരു Roller coster ride അല്ല ..
തിയറ്ററിന്റെ ഇരുട്ടില്‍ കൂട്ടുകാരിക്കൊപ്പം ആനന്ദിക്കാവുന്ന ഒരു ലഘു നാടകവും അല്ല...
അതേ സമയം,വിരസമായ ഇഴച്ചില്‍ ദൃശ്യങ്ങളുടെ വരണ്ട സങ്കലനവും ആകുന്നില്ല ഈ സിനിമ...

ഒന്നിലധികം കഥാ ഗതികള്‍ ,ഒരുപാട് കഥാപാത്രങ്ങള്‍;സന്ദര്‍ഭങ്ങള്‍, അവയെ അതീവ ആത്മാര്‍ഥതയോടെ
അവതരിപ്പിക്കുന്നു സിറിയാന...ഈ ക്രാഫ്റ്റ് ആണ് അതിന്റെ വിജയവും സംവിധായകന്‍ സ്റ്റീഫന്‍ ഗഘന്റെ
ജീനിയസും ...