Sunday, February 22, 2009

ഭരതന്റെ "താഴ്വാരം "


പറഞ്ഞു ,കണ്ടു തീര്‍ത്ത ഒരു കഥനം വീണ്ടും കാണുമ്പോള്‍ നാം അതിനെ മറ്റൊരു വിചിന്തന കോണില്‍ കൂടി വീക്ഷിച്ചു പോകാറുണ്ട്.. അത് ഈ ചലച്ചിത്രത്തെ സംബന്ധിച്ച് വളരെ സത്യമാകുന്നു... ആദ്യ തവണ കാണുമ്പോള്‍ ഒരു പ്രത്യേകതയും തരാതെ വളരെ സാധാരണമായി നമ്മെ കടന്നു പോകുന്ന ഒരു സിനിമ..പക്ഷെ ഒരു മറു കാഴ്ചക്ക് നാം മുതിര്‍ന്നാല്‍ നമ്മെ അറിയിക്കുന്ന "ചിലതുകള്‍ " ഈ സിനിമയില്‍ ഉടനീളം ഭരതന്‍ നിറച്ചിരിക്കുന്നു..

താഴ്വാരം സംഭവിക്കുന്നത് ഒരു ആള്‍ക്കൂട്ടത്തിനു നടുവില്‍ അല്ല... പേരു പോലെ ഒരു കുന്നിന്‍ ചെരുവില്‍ ,ഒരു ചെറു മനുഷ്യ കൂട്ടത്തില്‍ ആണ് ..

നായക സ്വഭാവം തീരെ ആരോപിക്കാനാവാത്ത കഥാപാത്രമാണ് മോഹന്‍ലാലിന്‍റെ ബാലന്‍ ...എം ടി എന്ന കഥാകൃത്ത്‌ ബാലനെ നിര്‍വചിക്കാന്‍ പ്രേക്ഷകരെ അനുവദിക്കുന്നുമില്ല.. സിനിമയുടെ ആദ്യ ഷോട്ടില്‍ തന്നെ അതിന്റെ ഒരു പൊതു സ്വഭാവം വ്യക്തമാക്കുന്നുണ്ട് ഭരതന്‍...പൂഴി മണല്‍ പറക്കുന്ന ഒരു താഴ്വാര ദൃശ്യം..അതില്‍ തുടങ്ങി നിര്‍വികാരതയും പകയും മടുപ്പും നിറയുന്ന ബാലന്റെ മുഖത്തിലേക്ക് നീളുന്ന ഒരു പ്രസ്താവനയിലൂടെ ! ഒരു കരിമ്പടവുമായി കുന്നിറങ്ങുന്ന ബാലന്‍ ചെന്നെത്തുന്നത് ഒരു താഴ്വരത്താണ് ..ഇര കാത്തിരിക്കുന്ന രണ്ടു കഴുകന്മാര്‍ ഈ സിനിമയില്‍ ഉടനീളം കാണാം..നായകനെയും പ്രതിനായകനെയും പോലെ..

 ബാലന്റെ സുഹൃത്തായ രാജുവിനെ അന്വേഷിച്ചാണ് അയാള്‍ കൊചൂട്ടിയുടെയും അച്ഛന്റെയും അടുത്തെത്തുന്നത്..രാജുവിനെ അവതരിപ്പിക്കുന്നത് സലിം ഘൌസ് എന്ന നാടകനടന്‍ ആണ്..കൊചൂട്ടിയായി സുമലതയും ,അച്ഛനായി ശങ്കരാടിയും... ഇവരെ കഴിഞ്ഞു പിന്നെ സിനിമയില്‍ നമ്മെ കാണുന്നത് ബാലന്റെ പൂര്‍വ ജീവിതത്തിലെ ഭാര്യയും (അഞ്ചു) അച്ഛനും ആണ്...ഇത്രയും കഥാപാത്രങ്ങളെ വന്നു പോകുന്നുള്ളൂ ഈ സിനിമയില്‍... ഇരുളും പൊടിയും നിശബ്ദതയും നിറഞ്ഞ ആ താഴ്വരത്തെക്കുള്ള ബാലന്റെ വരവ് ഒരു പകയുടെ നിയോഗമാണ്..പക്ഷെ അത് നേടിയെടുക്കാന്‍ ഒരു സിനിമനായകന്‍ പ്രകടിപ്പിക്കെണ്ടതെന്നു നാം വിചാരിക്കുന്ന ധീരത ബാലനില്ല ....അല്ലെങ്കില്‍ അയാള്‍ അതിന് ഒരുങ്ങുന്നില്ല പലപ്പോഴും... പകയില്‍ പൊതിഞ്ഞെടുത്ത ഒരു കഥ , ഓരോ ഷോട്ടിലും മരണത്തിന്റെ നിറവും ഭയവും നിറയ്ക്കുന്ന ഭരതന്റെ മനസ്..ഇതാണ് താഴ്വാരം എന്ന സിനിമ..

തീര്‍ച്ചയായും ഇതു പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന സിനിമ അല്ല.. പക്ഷെ കണ്ടു തീര്‍ക്കുന്ന മനസുകളെ അല്‍പ നാളുകള്‍ എങ്കിലും പിന്തുടരാതെ ഇരിക്കില്ല ഭരതന്റെ താഴ്വാരം.. സുമലത അതിശയകരമായി കൊചൂട്ടിയായി മാറുന്നുണ്ട് ഇതില്‍...നിറങ്ങളുടെയും ശബ്ദഘോഷങ്ങളുടെയും കൂട്ടത്തില്‍ നിന്നടര്‍ന്നു കരി കച്ചവടക്കാരുടെയും ,അപരിചിതരുടെയും ,കാടു പന്നികളുടെയും ഇരുളരുടെയും ലോകത്ത് തിരിച്ചു നിറയെ മനുഷ്യരുള്ള ഒരു ലോകത്തേക്ക് പറിച്ചു നടാന്‍ കൊതിക്കുന്ന ഒരു സ്ത്രീ വേഷം..മണ്ണിന്റെയും മനുഷ്യമനസിന്റെയും സ്ത്രീ ശരീരത്തിന്റെയും ആഗ്രഹ നിരാസങ്ങള്‍ അനായാസതയോടെ ഭരതന്‍ വരച്ചിടുന്നു... പ്രതി നായകനെ അവതരിപ്പിക്കുന്ന സലിം എന്ന നടന്‍ സംവിധായകനും കഥാകൃത്തും ഉദ്ദേശിച്ച ആവൃത്തിയില്‍ ഉയര്‍ന്നു മോഹന്‍ ലാല്‍ എന്ന നടന് സമം നില്ക്കുന്നു ... ഒരു താഴ്വാരം അവിടെ കുറച്ചു മനുഷ്യര്‍.. അവര്‍ക്കിടയിലെക്കെത്തുന്ന രണ്ടു അപരിചിതര്‍.. സിനിമ ആരംഭിക്കുന്ന ഷോട്ടില്‍ നാം കാണുന്ന ഭയത്തിന്റെ ചീളുകള്‍ അവസാന ഷോട്ടില്‍ വരെ അതി തീവ്രമായി സന്നിവേശിപ്പിച്ചിരിക്കുന്നു ഭരതന്‍... ഒരു തീവ്ര അനുഭവം,,,വര്‍ണങ്ങളും പ്രണയവും പരിഹാസവും ഇല്ലാതെ.. അതാണ് ഭരതന്റെ താഴ്വാരം..

ഇരുളും വെളിച്ചവും

ഇരുളിന്റെ നിഴലുകള്‍ തേടി നടന്നവര്‍ താഴ്വാരങ്ങളില്‍ മറഞ്ഞു..
പകലിനെ സ്നേഹിച്ചവര്‍ക്കു സുര്യതാപം ശര ശയ്യയൊരുക്കി...
ഇരുളിനും പകലിനും ഇടയ്ക്ക് സ്തബ്ധരായവര്‍ ദൈവങ്ങളെ വിശ്വസിച്ചു.
--