Sunday, February 22, 2009

ഭരതന്റെ "താഴ്വാരം "


പറഞ്ഞു ,കണ്ടു തീര്‍ത്ത ഒരു കഥനം വീണ്ടും കാണുമ്പോള്‍ നാം അതിനെ മറ്റൊരു വിചിന്തന കോണില്‍ കൂടി വീക്ഷിച്ചു പോകാറുണ്ട്.. അത് ഈ ചലച്ചിത്രത്തെ സംബന്ധിച്ച് വളരെ സത്യമാകുന്നു... ആദ്യ തവണ കാണുമ്പോള്‍ ഒരു പ്രത്യേകതയും തരാതെ വളരെ സാധാരണമായി നമ്മെ കടന്നു പോകുന്ന ഒരു സിനിമ..പക്ഷെ ഒരു മറു കാഴ്ചക്ക് നാം മുതിര്‍ന്നാല്‍ നമ്മെ അറിയിക്കുന്ന "ചിലതുകള്‍ " ഈ സിനിമയില്‍ ഉടനീളം ഭരതന്‍ നിറച്ചിരിക്കുന്നു..

താഴ്വാരം സംഭവിക്കുന്നത് ഒരു ആള്‍ക്കൂട്ടത്തിനു നടുവില്‍ അല്ല... പേരു പോലെ ഒരു കുന്നിന്‍ ചെരുവില്‍ ,ഒരു ചെറു മനുഷ്യ കൂട്ടത്തില്‍ ആണ് ..

നായക സ്വഭാവം തീരെ ആരോപിക്കാനാവാത്ത കഥാപാത്രമാണ് മോഹന്‍ലാലിന്‍റെ ബാലന്‍ ...എം ടി എന്ന കഥാകൃത്ത്‌ ബാലനെ നിര്‍വചിക്കാന്‍ പ്രേക്ഷകരെ അനുവദിക്കുന്നുമില്ല.. സിനിമയുടെ ആദ്യ ഷോട്ടില്‍ തന്നെ അതിന്റെ ഒരു പൊതു സ്വഭാവം വ്യക്തമാക്കുന്നുണ്ട് ഭരതന്‍...പൂഴി മണല്‍ പറക്കുന്ന ഒരു താഴ്വാര ദൃശ്യം..അതില്‍ തുടങ്ങി നിര്‍വികാരതയും പകയും മടുപ്പും നിറയുന്ന ബാലന്റെ മുഖത്തിലേക്ക് നീളുന്ന ഒരു പ്രസ്താവനയിലൂടെ ! ഒരു കരിമ്പടവുമായി കുന്നിറങ്ങുന്ന ബാലന്‍ ചെന്നെത്തുന്നത് ഒരു താഴ്വരത്താണ് ..ഇര കാത്തിരിക്കുന്ന രണ്ടു കഴുകന്മാര്‍ ഈ സിനിമയില്‍ ഉടനീളം കാണാം..നായകനെയും പ്രതിനായകനെയും പോലെ..

 ബാലന്റെ സുഹൃത്തായ രാജുവിനെ അന്വേഷിച്ചാണ് അയാള്‍ കൊചൂട്ടിയുടെയും അച്ഛന്റെയും അടുത്തെത്തുന്നത്..രാജുവിനെ അവതരിപ്പിക്കുന്നത് സലിം ഘൌസ് എന്ന നാടകനടന്‍ ആണ്..കൊചൂട്ടിയായി സുമലതയും ,അച്ഛനായി ശങ്കരാടിയും... ഇവരെ കഴിഞ്ഞു പിന്നെ സിനിമയില്‍ നമ്മെ കാണുന്നത് ബാലന്റെ പൂര്‍വ ജീവിതത്തിലെ ഭാര്യയും (അഞ്ചു) അച്ഛനും ആണ്...ഇത്രയും കഥാപാത്രങ്ങളെ വന്നു പോകുന്നുള്ളൂ ഈ സിനിമയില്‍... ഇരുളും പൊടിയും നിശബ്ദതയും നിറഞ്ഞ ആ താഴ്വരത്തെക്കുള്ള ബാലന്റെ വരവ് ഒരു പകയുടെ നിയോഗമാണ്..പക്ഷെ അത് നേടിയെടുക്കാന്‍ ഒരു സിനിമനായകന്‍ പ്രകടിപ്പിക്കെണ്ടതെന്നു നാം വിചാരിക്കുന്ന ധീരത ബാലനില്ല ....അല്ലെങ്കില്‍ അയാള്‍ അതിന് ഒരുങ്ങുന്നില്ല പലപ്പോഴും... പകയില്‍ പൊതിഞ്ഞെടുത്ത ഒരു കഥ , ഓരോ ഷോട്ടിലും മരണത്തിന്റെ നിറവും ഭയവും നിറയ്ക്കുന്ന ഭരതന്റെ മനസ്..ഇതാണ് താഴ്വാരം എന്ന സിനിമ..

തീര്‍ച്ചയായും ഇതു പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന സിനിമ അല്ല.. പക്ഷെ കണ്ടു തീര്‍ക്കുന്ന മനസുകളെ അല്‍പ നാളുകള്‍ എങ്കിലും പിന്തുടരാതെ ഇരിക്കില്ല ഭരതന്റെ താഴ്വാരം.. സുമലത അതിശയകരമായി കൊചൂട്ടിയായി മാറുന്നുണ്ട് ഇതില്‍...നിറങ്ങളുടെയും ശബ്ദഘോഷങ്ങളുടെയും കൂട്ടത്തില്‍ നിന്നടര്‍ന്നു കരി കച്ചവടക്കാരുടെയും ,അപരിചിതരുടെയും ,കാടു പന്നികളുടെയും ഇരുളരുടെയും ലോകത്ത് തിരിച്ചു നിറയെ മനുഷ്യരുള്ള ഒരു ലോകത്തേക്ക് പറിച്ചു നടാന്‍ കൊതിക്കുന്ന ഒരു സ്ത്രീ വേഷം..മണ്ണിന്റെയും മനുഷ്യമനസിന്റെയും സ്ത്രീ ശരീരത്തിന്റെയും ആഗ്രഹ നിരാസങ്ങള്‍ അനായാസതയോടെ ഭരതന്‍ വരച്ചിടുന്നു... പ്രതി നായകനെ അവതരിപ്പിക്കുന്ന സലിം എന്ന നടന്‍ സംവിധായകനും കഥാകൃത്തും ഉദ്ദേശിച്ച ആവൃത്തിയില്‍ ഉയര്‍ന്നു മോഹന്‍ ലാല്‍ എന്ന നടന് സമം നില്ക്കുന്നു ... ഒരു താഴ്വാരം അവിടെ കുറച്ചു മനുഷ്യര്‍.. അവര്‍ക്കിടയിലെക്കെത്തുന്ന രണ്ടു അപരിചിതര്‍.. സിനിമ ആരംഭിക്കുന്ന ഷോട്ടില്‍ നാം കാണുന്ന ഭയത്തിന്റെ ചീളുകള്‍ അവസാന ഷോട്ടില്‍ വരെ അതി തീവ്രമായി സന്നിവേശിപ്പിച്ചിരിക്കുന്നു ഭരതന്‍... ഒരു തീവ്ര അനുഭവം,,,വര്‍ണങ്ങളും പ്രണയവും പരിഹാസവും ഇല്ലാതെ.. അതാണ് ഭരതന്റെ താഴ്വാരം..

6 comments:

. said...

താഴ്‌വാരം പ്രേക്ഷകരെ ആകർഷിക്കുന്ന സിനിമയല്ലെന്ന്‌
ആര്‌പറഞ്ഞു.ഓരോ കാഴ്ചയിലും വ്യതസ്ത പാഠങ്ങൾ
നൽകുന്നവയായിരിക്കണം നല്ല സിനിമ സാഹിത്യവും
അങ്ങനെ തന്നെയാണ്‌`ഒരു പുഴയിലൊരിക്കലേ
ഇറങ്ങാൻ കഴിയൂ എന്ന ചൊല്ലിന്റെ അർത്ഥം അതു
തന്നെയല്ലേ?

myth said...

ഇല്ലാ അങ്ങനെ അല്ല ഞാന്‍ ഉദേശിച്ചത്‌..പ്രേക്ഷകരെ രസിപ്പിക്കുന്നില്ല എന്നത് കൊണ്ടു ഇതൊരു നല്ല സിനിമ അല്ല എന്നല്ല അര്‍ത്ഥം.
താഴ്വാരം ഒരു അനുഭവം തന്നെ ആണ്..ഭയവും ഇരുളും നിസഹായതയും പകയും കലര്‍ന്ന ഒരു അനുഭവം.. അത് ഞാന്‍ ഇഷ്ടപെടുകയും ചെയ്തു...

കെ.കെ.എസ് said...

"പ്രേക്ഷകരെ രസിപ്പിക്കുന്നില്ല..." ഈ പ്രസ്താവനയുംശരിയല്ല.തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഈസിനിമ കണ്ടത്.ഇപ്പോഴും അതിലെ
ഗ്രീറ്റിംഗ് കാർഡ് പോലെ സുന്ദരമായ ഓരോ ഫ്രെയിമുകളും ഓർക്കുന്നു.ബോക്സോഫീസ്
ഹിറ്റ് ആയിരുന്നില്ലെങ്കിലും സഹൃദയർക്കിടയിൽ വളരെ ചർച്ചചെയ്യപെടുകയുണ്ടായി-
സിനിമയുടെ ഹൃദയമറിയുന്നസ്ക്രിപ്റ്റും മികവുറ്റ സംവിധാനവും.ഒറ്റപെട്ട മലമ്പ്രദേശത്ത്
ആകാശ വാണിയിൽ നിന്നുള്ള ഗാനങളും വാർത്തകളുമായി റേഡിയൊ പോലും ഒരു
കഥാ പാത്രമാകുന്നുണ്ട് ഈ സിനിമയിൽ(ഹിന്ദി പാഠം തുടങിയാൽ അരി അടുപ്പ്ത്തിടാറായെന്ന
കൊച്ചുട്ടിയുടെ നിരീക്ഷണം).പിന്നെ, പനമ്പ് കൊണ്ട് മറച്ച,വെൺചുവരുകളുള്ള,യഥേഷ്ടം മുയലുകൾ
വിഹരിക്കുന്ന ,മുറ്റത്തുനിന്നാൽ വിശാലമായ ചോളവയലുകൾ കാണാവുന്ന,കുളിക്കാനും നനക്കാനും
അരികിൽ കുളിരരുവിയുള്ള ആവീടിനെ പറ്റി എന്തു പറയുന്നു?വേറൊന്ന്,ഇ തിൽ ആരും
അഭിനയിക്കുന്നില്ല എന്നതാണ്. കൃഷിയും മറ്റുപണികളുമായി
ഇതിലെ കഥാപാത്രങൾ ജീവിതത്തിൽ മുഴുകിയിരിക്കുകയാണ്.ക്യാമറ അതൊക്കെ ഒപ്പിയെടുത്തെന്നുമാത്രം.

അനില്‍@ബ്ലോഗ് // anil said...

“രസിപ്പിക്കുന്നില്ല” എന്നത് ഒരു റിസര്‍വ്ഡ് പ്രയോഗം എന്ന നിലയില്‍ എടുക്കാം എന്നുതോന്നുന്നു. നമ്മളെ ഇഷ്ടപ്പെടുത്തുന്ന ഒന്ന രസകരം ആവണം എന്നില്ലല്ലോ.

നന്നായി ഈ വിശകലനം, ഉപരിപ്ലവമെങ്കിലും.

താഴ്വാരത്തിലെ ഓരോ ഫ്രെയിമും മനസ്സില്‍ തങ്ങി നില്‍ക്കുന്നു, പക്ഷെ സുമലതയേക്കാള്‍ നല്ലൊരു കൊച്ചൂട്ടിയെ കിട്ടിയേനെ.

ഞാന്‍ ആചാര്യന്‍ said...

ഭയം തീവ്രമായ രസമാണ്. പടം കണ്ട് തീരുമ്പോള്‍ തളച്ചിടപ്പെട്ട മാനസികാവസ്ഥ...

Anonymous said...

good